Thursday 8 March 2018

മനുഷ്യരൂപം

മഴ പതിയെ കനത്തു വന്നു. അയാൾ സമീപത്തു കണ്ട പീടികത്തിണ്ണയിലേക്ക് കയറി നിന്നു. ഇനിയും കുറെ ദൂരം പോകാനുണ്ട് വീട്ടിലേക്ക്. അവസാനത്തെ ബസ് പോയിട്ട് നേരമേറെ ആയിരിക്കുന്നു. ഒരു ഓട്ടോറിക്ഷ പോലും ഇല്ലാത്ത നാട് എന്നത് വല്ലാത്ത അവസ്ഥ തന്നെ. അരയിൽ തിരുകിയിരുന്ന ബീഡി കവറിൽ നിന്നും ഒരു ബീഡി എടുത്ത് അയാൾ കത്തിച്ചു. തണുപ്പിൽ നിന്നും അയാൾക്കു ഒരു നേരിയ ആശ്വാസം തോന്നി. പെട്ടെന്ന് ശക്തമായ ഒരു മിന്നൽ അയാളിൽ ഒരു ഞെട്ടലുണ്ടാക്കി. കടത്തിണ്ണയിൽ തന്നോടൊപ്പം ഒരാൾ കൂടി നില്പുണ്ട്. മിന്നലിന്റെ വെളിച്ചത്തിൽ അയാൾ ഒരു മനുഷ്യരൂപം കണ്ടു.അയാൾ കയ്യിലിരുന്ന തീപ്പെട്ടിയിൽ നിന്നും ഒരു കമ്പെടുത്തു ചെറുതായി ഉരസി. ചെറിയ തീ നാളത്തിൽ അയാൾ ആ മനുഷ്യ രൂപം കണ്ടു. സ്ത്രീയുടെ ആകാര ഭംഗിയുള്ള ഒരു പുരുഷൻ . നമ്മുടെ വാക്കുകളിൽ ഒരു ട്രാൻസ്‌ജെൻഡർ.
അയാളുടെ സാനിധ്യം അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടാക്കിയില്ല. മഴ കനക്കുമ്പോഴും പുറത്തേക്ക് നോക്കി ആരെയോ പ്രതീക്ഷിക്കും പോലെ അവൾ നിന്നു. "നിങ്ങൾക് എവിടേക്ക് പോകാനാണ്. ?" . മൗനത്തിനു വിരാമമിട്ടത് അവളാണ് . അയാളുടെ മറുപടിയ്ക്കായി അവൾ കാത്തു നിന്നു. "മൂന്നു കിലോ മീറ്റർ അപ്പുറം ചെന്നാൽ ഹൈവേ ആയി.അവിടെ വരെ എങ്ങനെ എത്തിച്ചേരാനാണ്. ". അവൾ വീണ്ടും ഉത്തരത്തിനായി കാത്തു. അയാൾ അപ്പോഴും പുറത്തേക്ക് നോക്കി നിന്നു.പിന്നെ ഒന്നും ചോദിക്കാൻ അവൾക് തോന്നിയില്ല.
മഴ വീണ്ടും കനക്കുകയാണ്. അയാൾ ഒരു ബീഡി കൂടി കത്തിച്ചു. ഇടയ്ക്കിടെ അവളെ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ട്. പെട്ടെന്നാണ് പോലീസ് ജീപ്പിന്റെ സൈറൺ മുഴങ്ങുന്നത് അയാൾ കേട്ടത് . എന്ത് ചെയ്യണമെന്നറിയാതെ അയാൾ കുഴങ്ങി. ശബ്ദം അടുത്തടുത്തു വരുന്നു. എന്നാൽ അവളിൽ അത് യാതൊരു ഭാവമാറ്റവും ഉണ്ടാക്കിയില്ല. സൈറൺ അടുത്തു വരുന്തോറും അയാൾ കൂടുതൽ വെപ്രാളം കാട്ടുവാൻ തുടങ്ങി. പീടികത്തിണ്ണയുടെ ഒരു വശത്തേക്ക് അയാൾ തൊട്ടാവാടി ചുരുളും പോലെ ഒതുങ്ങി കൂടി. അയാൾ പ്രതീക്ഷിച്ചത് പോലെ തന്നെ പോലീസ് ജീപ്പ് അവരുടെ മുൻപിൽ കൊണ്ട് നിർത്തി . ജീപ്പിന്റെ വെളിച്ചത്തിൽ അവരെ കാണാൻ പോലീസുകാർക്ക് പ്രയാസം ഉണ്ടായിരുന്നില്ല. ചാടിയിറങ്ങിയ SI നേരെ കടത്തിണ്ണയിലേക്കാണ് കയറിയത്. അയാളുടെ ഷിർട്ടിൽ പിടിച്ച മുന്നോട്ട് വലിച്ചു SI  അലറുകയായിരുന്നു.  "എന്താണെടാ നായെ, നിനക്കു ഇങ്ങനെ ഉള്ളവരേം കൊണ്ട് കടത്തിണ്ണയിൽ ഇടപാട് ".
അയാൾ വിയർത്തു. മറുപടി പറയാൻ നാവ് പൊന്തുന്നില്ല. SI  യുടെ അടുത്ത അലർച്ചയിൽ അയാൾ ബോധം കെട്ടു വീഴുമെന്നു അവൾക്ക് തോന്നി. പേടിത്തൊണ്ടൻ. " സാർ, ഞങ്ങൾ വഴിപോക്കരാണ്. മഴ ആയതു കൊണ്ട് കേറി നിന്നതാണ്” . അവളുടെ സ്വരം ദൃഢമായിരുന്നു. "ഓഹോ മഴയത്തു ഇവന്റെ കൂടെ തന്നെ നിനക്കു കടത്തിണ്ണയിൽ കയറണമായിരുന്നു അല്ലെ".

"സർ, നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്. കടത്തിണ്ണയിൽ മഴ നനയാതെ കയറി നിന്നതിനു ആരോടാണ് മറുപടി പറയേണ്ടത്. ?" . SI യുടെ ദേഷ്യം ഇരട്ടിയായി. " നിന്നെ പോലെ ഉള്ളവർ ഇറങ്ങി നടക്കണത് എന്തിനാണെന്ന് അറിഞ്ഞു അത് തടയാൻ വേണ്ടി ആണ് ഞാൻ ഈ കുപ്പായം ഇട്ടേക്കുന്നത്. .". അയാൾ മുന്നോട്ടാഞ്ഞു. പക്ഷെ അവൾ പതറിയില്ല. " നിങ്ങൾ കണ്ട ഒന്നോ രണ്ടോ പേരെ വച്ചു എല്ലാ ട്രാൻസ്‌ജൻഡറുകളും അങ്ങനെയാണെന്ന് വിചാരിക്കുന്ന സാറിന്റെ മനസ്സിൽ തന്നെയാണ് കുഷ്ഠം . സർ കണ്ട അവരുടെ കൂടെ കിടന്നത് എന്തായാലും സാറിനെ പോലെയുള്ള ഒരു പുരുഷൻ ആകുമല്ലോ...? എന്തെ പുരുഷ വേശ്യകൾ എന്ന് അവരെ വിളിച്ചൂടെ.. "
അവളുടെ മുടിക്കെട്ടിൽ പിടിച്ച കൊണ്ടാണ് SI  അതിനു മറുപടി പറഞ്ഞത്. " കടത്തിണ്ണയിൽ നിന്ന് പിടിച്ച നിന്റെ വേദവാക്യം ഞാൻ കേൾക്കണം അല്ലെ ഡി.." SI  ക്കു അത് മുഴുമിപ്പിക്കാൻ ആയില്ല. അതിനു മുൻപേ മറ്റേ ആൾ അയാളുടെ കാലിൽ വീണു. " സർ രക്ഷിക്കണം.. ഇവിടെ ഒന്നും നടന്നിട്ടില്ല. ഞാൻ അറിയപ്പെടുന്ന വീട്ടിലെ പയ്യനാണ്. എന്റെ അഭിമാനം സാറ് കാക്കണം..." . അത്രയും പറഞ്ഞു ഒരു 2000  ന്റെ നോട്ടും അയാൾ SI  യുടെ കയ്യിലേക്ക് വച്ച് കൊടുത്തു.നിന്നെ പിന്നെ എടുത്തോളാം എന്ന് പറഞ്ഞു SI  തിരികെ നടന്നു. അയാൾ കുറ്റബോധത്തോടെ തല കുനിച്ചു നിന്നു. അവൾ തല ഉയർത്തി മഴയിലേക്ക് ഇറങ്ങി. പുറത്തെ മഴ വെള്ളത്തിൽ അയാളുടെ മുഖം തെളിഞ്ഞു നില്കുന്നത് അവൾ കണ്ടു. വായിൽ നിറഞ്ഞ കഫം അവൾ ആ വെള്ളത്തിലെ മുഖത്തേക്ക് നീട്ടി തുപ്പി. എന്നിട്ട് തല ഉയർത്തി മഴയിലൂടെ നടന്നു . പിന്നിലൂടെ വന്ന ലോറി യുടെ വെളിച്ചത്തിൽ , മെട്രോ തൂണിനരികിലായി വച്ചിരുന്ന ഫ്ലക്സ് അവൾ കണ്ടു. "ട്രാൻസ്ജൻഡറുകളുടെ ജീവിത നിലവാരം ഉയർത്താൻ മെട്രോ യിൽ ജോലി നൽകിയ എല്ലാ പ്രമുഖരും അതിൽ ചിരിച്ചു കൊണ്ടിരിക്കുന്നു. അവളും ചിരിച്ചു. ഉറക്കെ.. പക്ഷെ ആ ശബ്ദം ചുറ്റുമുള്ള മഴയിൽ അലിഞ്ഞു പോയി...

No comments:

Post a Comment