Saturday 24 May 2014

മെമ്മറീസ്

ചിതലരിച്ചു തുടങ്ങിയ പഴയ ഡയറി കുറിപ്പുകൾ അയാൾ മറിച്ചു നോക്കുകയായിരുന്നു.. പല പല പേരുകൾ....ചിലത് ഓർമയുണ്ട്... പക്ഷെ മുഖം മറന്നിരിക്കുന്നു. ചില പേരുകൾ ഏതാണെന്ന് കൂടി അറിയില്ല. പ്രായമേറിയ കണ്ണുകളും അതിലുപരി പൊടി പിടിച്ച ഓർമകളും മയിൽ പീലി തുണ്ട് പോലെ സൂക്ഷിച്ചു വച്ചിരുന്ന ആ ഡയറി കുറിപ്പുകളിൽ വീണ്ടും പരതി... ഇല്ല...പലരെയും അറിയില്ല… ഓർമ്മകൾ അയാളെ മുപ്പത് വർഷം പിറകിലേക്ക് കൊണ്ടുപോയി. ജീവിതത്തിൽ എല്ലാമാണെന്ന് കരുതിയിരുന്ന കൂട്ടുകാർ, സ്കൂളിലെ അവസാന ദിവസം ഞാൻ കൊടുത്ത ഈ ആട്ടോഗ്രഫിൽ വരച്ച നാൾ.....തോളോട് തോൾ ചേർന്ന് നടന്നവർ... ഒരു പാത്രത്തിൽ വീണ പല കൈകൾ....ക്ലാസ്സുകൾക്കു പകരം തണൽ നൽകിയിരുന്ന വാക മരങ്ങൾ.. എല്ലാം ഈ ആട്ടോഗ്രഫിൽ ചിതലരിച്ചു തുടങ്ങിയിരിക്കുന്നു... മണമുള്ള മഷിപ്പേന കൊണ്ട് അവളും അന്ന് ഇതിലെവിടെയോ എഴുതിയിരുന്നു...അതിലെ അക്ഷരങ്ങളിൽ അയാൾ ആ സുഗന്ധം പരതി...പക്ഷെ അതും മരിച്ചു... ചില ഓർമ്മകൾക്കും ഉണ്ടാകും മരണം....

മഞ്ചാടിക്കുരു നിറഞ്ഞ ഇടവഴികളിൽ അന്ന് കൂട്ടുകാരോടൊപ്പം നടന്നു നീങ്ങുമ്പോൾ മുൻപിൽ അവളും ഉണ്ടായിരുന്നു... പിറകോട്ടു നോക്കി അവൾ ഒന്ന് നിഷ്കളങ്കമായി ചിരിക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ഒരു സന്തോഷം.. എന്റെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷം...... ഞാൻ ജീവിച്ചിരുന്നത് ഒരു പക്ഷെ ആ കാലഘട്ടത്തിലായിരുന്നു... വാക മരങ്ങളും കാറ്റാടി മരങ്ങളും അന്ന് പ്രിയപ്പെട്ടതായിരുന്നു. ഇന്ന് വിലയേറിയ കാറിൽ, നിമിഷങ്ങൾ എണ്ണി സഞ്ചരിക്കുമ്പോൾ റോഡരുകിൽ പൂത്തു നില്ക്കുന്ന മരങ്ങൾ കാണുമ്പോൾ ഒന്നും തോന്നാറില്ല..പക്ഷെ ഒരുകാലത്ത് ഞാൻ അവയെ സ്നേഹിച്ചിരുന്നു..തല്ലു കൂടിയും കളിയാക്കിയും ആ വാകമാരച്ചുവടുകളിൽ ഞങ്ങൾ കൂട് കൂട്ടിയിരുന്നു. പക്ഷെ ആ മുഖങ്ങൾ മറന്നിരിക്കുന്നു…. ചില ഓർമകൾക്കും ഉണ്ടാകും മരണം...

ചോറ്റുപാത്രങ്ങളിൽ, കൈയ്യിൽ നിന്ന് വീഴുന്ന എച്ചിലിനു പോലും പിടിവലി നടക്കുമായിരുന്നു. സ്കൂൾ വരാന്തയിൽ ഒരു ചോറ്റു പത്രം തുറക്കുവാൻ വേണ്ടി സ്കൂൾ ബെല്ലിനു വേണ്ടി അക്ഷമയോടെ കാത്തിരുന്ന എന്റെ കൂട്ടുകാർ. ഇന്ന്, ബിസിനസ് ലഞ്ചുകളിൽ, കൈവിരലുകളിൽ ഭക്ഷണം സ്പർശിക്കാതെ കഴിക്കുന്നതാണ് മാന്യത എന്ന് ഞാൻ പഠിച്ചിരിക്കുന്നു. എന്റെ കൂട്ടുകാരും ഇപ്പൊ അങ്ങനെയാകും...ഒരു പക്ഷെ അവരെ ആരെയെങ്കിലും ഞാനും ഇങ്ങനെയൊരു ലഞ്ചിൽ കണ്ടുമുട്ടിയിട്ടുണ്ടാകും.. പക്ഷെ ആ മുഖങ്ങൾ മറന്നിരിക്കുന്നു... ചില ഓർമകൾക്കും ഉണ്ടാകും മരണം...

അന്ന് എനിക്ക് എല്ലാം പ്രിയപ്പെട്ടതായിരുന്നു.... പക്ഷെ ഇന്ന് എല്ലാം മാറി... ജീവിതം അങ്ങനെയാണ്...കൈയിലേക്ക് വച്ച് നീട്ടി തരുന്നത് പലതും ഓർമ്മകൾ ആകി മാറ്റും..ഒരു കാലത്ത് പ്രിയപ്പെട്ടതായിരുന്ന ചിലരുടെ മുഖങ്ങൾ പോലും... ആ ഓർമകളിൽ ചിലത് വർഷങ്ങൾക്കിപ്പുറം മരിച്ചു പോകും.പക്ഷെ മരിയ്ക്കാത്ത ചില ഓർമ്മകൾ ഉണ്ട്. അവ എന്നും കൂടെ ഉണ്ടാകും.........

മുഖം ഓർമ്മയില്ലാത്ത എന്റെ പ്രണയിനി, തിരിച്ചറിയാൻ കഴിയാത്ത വിധം മാറിപോയ എന്റെ കൂട്ടുകാർ.... പക്ഷെ അവർ തന്ന ഓർമ്മകളിൽ ചിലത് വീണ്ടും അവശേഷിക്കുന്നു...അയാളുടെ ചിന്തകൾ വീണ്ടും ആട്ടോഗ്രാഫിലേക്ക് തിരിഞ്ഞു. അതിലൊരു പേജിൽ തന്റെ ഏതോ ഒരു പ്രിയപ്പെട്ട കൂട്ടുകാരൻ ആ സത്യം എഴുതിയിരിക്കുന്നു... എവിടെ നിന്നോ കടമെടുത്ത ആ വാക്കുകൾ......

FRIENDS MIGHT LOSE TOUCH, BUT NEVER LOSE FEELINGS……”