Friday 23 January 2015

എനിയ്ക്ക് തണുക്കുന്നു........


  പുതച്ചിരുന്ന കമ്പിളിപുതപ്പ് കൊണ്ടു കൂടാരം തീർക്കുക എന്നതു എൻറെ ഒരു വിനോദമായിരുന്നുഅമ്മയോട് ചേർന്ന് കിടക്കുമ്പോൾ കൂടാരത്തിന്റെ കീഴിൽ , അമ്മയുടെ നിശ്വാസത്തിന്റെ ചൂടിൽ പതിയെ ഞാൻ ഉറങ്ങും.എങ്കിലും ഉറങ്ങും മുൻപ് ഞാൻ പരാതി പറയും, "അമ്മെ എനിക്ക് തണുക്കുന്നു. . ." അത് കേൾക്കുമ്പോൾ അമ്മ എൻറെ മുഖം അമ്മയോട് ചേർത്തുപിടിച്ചു കിടക്കും.
വേനലവധിക്ക് സ്കൂൾ അടച്ചപ്പോൾ ഞാൻ ഓടി കിതച്ചാണ്വീട്ടിലേക്ക് വന്നത്പുസ്തകസഞ്ചി വരാന്തയിൽ  ഇരുന്ന ചേച്ചിയുടെ ദേഹത്തേക്ക്  വലിച്ചെറിഞ്ഞ്, ചായ കുടിക്കാനായി അടുക്കളയിലേക്ക്  ഓടിക്കയറുമ്പോൾ  അമ്മയെ കാണുന്നുണ്ടായിരുന്നില്ല.   സ്കൂളിൽ നിന്നും വരുമ്പോൾ ചായയും പലഹാരവും പതിവുള്ളതാണ്. അമ്മ എവിടെ പോയി..???

എന്തൊക്കയോ മാറ്റങ്ങൾ... പുസ്തകസഞ്ചി വലിച്ചെറിയുന്നതിനു  പതിവായി തല്ലാൻ  വരാറുള്ള  ചേച്ചിയും  ഒന്നും മിണ്ടിയില്ല.  അമ്മയുടെ മുറിയിലേക്ക് ഞാൻ നടന്നുചെന്നുഅമ്മ ഉറങ്ങുകയാണ്‌. പെട്ടെന്ന് ചേച്ചി വന്ന് എന്നെ പുറത്തേക്കു കൂട്ടികൊണ്ട് പോയി. അടുക്കളയിൽ നിന്ന് ഒരു ഗ്ലാസ്ചായയും കുറച്ചു പലഹാരങ്ങളും കൊണ്ടു തന്നു. "നീ ഇത് കഴിച്ചിട്ട്, കളിയ്ക്കാൻ പൊയ്ക്കോളൂ.. അമ്മ ഉറങ്ങിക്കൊള്ളട്ടെ" .. ചേച്ചിയും അല്പം ഗൗരവത്തിൽ ആയിരുന്നു. "അച്ഛൻ വന്നിരുന്നു അല്ലെ?? "  എൻറെ ചോദ്യത്തിനു ചേച്ചി ഉത്തരം തന്നില്ല. അത് മനസിലാക്കാൻ എനിക്ക് ആ ഉത്തരവും ആവശ്യമായിരുന്നില്ല !!! അച്ഛൻ വരുമ്പോൾ മാത്രമേ ഇങ്ങനെ ഒരു അന്തരീക്ഷം ഞാൻ വീട്ടിൽ കണ്ടിട്ടുള്ളു..
അച്ഛനെയും അമ്മയെയും ഒരിക്കലും ഞാൻ സന്തോഷത്തോടെ കണ്ടിട്ടില്ല. അവർ തമ്മിൽ എന്തൊക്കയോ പ്രശ്നങ്ങൾ ഉണ്ടെന്നു മാത്രം അറിയാം. അതും, ചെറിയമ്മ ആരോടോ പറയുന്നത് കേട്ടതാണ്.അതിനൊക്കെ എൻറെ കുഞ്ഞു മനസിന്ദഹിക്കാത്ത കുറെ കാരണങ്ങളും ചെറിയമ്മ പറയുന്നത് ഞാൻ കേട്ടു. ഒരിക്കൽ ഞാനതു ചേച്ചിയോട് ചോദിച്ചു, ചേച്ചിയും ഒഴിഞ്ഞു മാറി.
         കുറെ കാലമായി അച്ഛൻ മറ്റെവിടയോ ആണ് താമസിക്കുന്നത്, ഇടയ്ക്ക് വീട്ടിൽ വരും, അമ്മയോട് കുറെ ഉച്ചത്തിൽ സംസാരിക്കും, ഒടുവിൽ ദേഷ്യപ്പെട്ട് ഇറങ്ങി പോകും.
ചേച്ചി സന്ധ്യാദീപം തെളിയിക്കുമ്പോഴും അമ്മ എഴുന്നേറ്റിരുന്നില്ല. അമ്മയുടെ പ്രതികരണം എനിക്ക് തികച്ചും അപരിചിതമായിരുന്നു. ഞാൻ പതുക്കെ അമ്മയുടെ മുറിയിലേക്ക് ചെന്നു. അമ്മ അപ്പോഴും കിടക്കുകയാണ്. ഞാൻ പതിയെ അടുത്തേക്കു ചെന്നു, അമ്മയുടെ വയറിൽ പതിയെ പതിയെ കൈ കൊണ്ടു തടവി. എനിക്ക് വിശക്കുന്നു എന്നതിന് ഞാൻ അമ്മയ്ക്കു കൊടുക്കാറുള്ള സൂചന. അത് മനസിലാക്കിയിട്ടാകണം അമ്മ ഒന്നും പറയാതെ എഴുന്നേറ്റ് അടുക്കളയിലേക്കു പോയി. എനിക്ക് കരച്ചിൽ വന്നു. ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല. ഞാൻ അമ്മയോടൊപ്പം അടുക്കളയിലേക്കു ചെന്നു.
അമ്മ ചപ്പാത്തി ഉണ്ടാക്കാൻ തുടങ്ങുകയായിരുന്നു.ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്ന് ഒരു സ്ലാബിൽ കയറി ഇരുന്നു.അമ്മ വീണ്ടും മൗനത്തിൽ തന്നെ.ഇങ്ങനെ ഇരിയ്ക്കുമ്പോൾ സാധാരണ, സ്കൂളിൽ നടന്ന ചെറിയ കാര്യങ്ങൾ പോലും ഞാൻ അമ്മയോട് പറയാറുണ്ടായിരുന്നു.എല്ലാം അമ്മ പുഞ്ചിരിയോടെ കേൾക്കും.അവസാനം ചോറും വാരി തന്ന് എന്നെ അടുത്തു കിടത്തി ഉറക്കും. കൂടാരത്തിനുള്ളിൽ, വേനൽക്കാലത്തും ഞാൻ അമ്മയോട് പറയും "എനിക്ക് തണുക്കുന്നു..." വെറുതെ.... അമ്മ എന്നെ ചേർത്ത് കിടത്താൻ വേണ്ടി മാത്രം.പക്ഷെ, അമ്മയ്ക്ക് എന്തോ സംഭവിച്ചിരിക്കുന്നു. ഉറങ്ങാൻ കിടന്നപ്പോഴും, തലയിലൂടെ പുതപ്പ് മൂടി ഞാൻ അമ്മയോട് പറഞ്ഞു."എനിക്ക് തണുക്കുന്നു,..." അമ്മ അപ്പോഴും എന്നെ ചേർത്ത് പിടിച്ചു.പക്ഷെ അന്നാദ്യമായി ഞാൻ അതിൽ ഞെരിഞ്ഞമാരുന്നത് പോലെ തോന്നി.
വേനലവധി ആയതിനാൽ അതിരാവിലെ തന്നെ ഞാൻ എഴുനേറ്റ് അമ്പലമുറ്റത്തെ മൈതാനിയിൽ ക്രിക്കറ്റ്കളിക്കാനായി പോയി.നേരം വൈകും വരെയും ഞാൻ കൂട്ടുകാരോടൊപ്പം കറങ്ങി നടന്നു. അന്തിവെയിൽ ചാഞ്ഞു തുടങ്ങിയപ്പോഴാണ് വീട്ടിൽ പോകണം എന്നോർത്തത്.അമ്മ ഇപ്പോൾ എന്നെ കാത്ത് പടിപ്പുരയിൽ നിൽക്കുന്നുണ്ടാകും. അമ്മയോട് പറയാൻ കുറേ കള്ളങ്ങളും ആലോചിച്ചാണ് ഞാൻ വീട്ടിലേക്ക് ചെന്നത്.പക്ഷെ പടിപ്പുരയിൽ അമ്മ ഉണ്ടായിരുന്നില്ല.ഞാൻ അകത്തേക്ക് കയറി. അമ്മ അടുക്കളയിൽ നിൽപ്പുണ്ടായിരുന്നു. ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു.
അമ്മ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. തെരുവിൽ അലയുന്ന ഭ്രാന്തിയെപ്പോലെ അമ്മയിലെ ഭാവമാറ്റങ്ങൾ എന്നെ അമ്പരപ്പെടുതി. അമ്മ പതിയെ എന്റെ അടുത്തേക്ക് വന്നു. " ചേച്ചിയെ അച്ഛൻ കൊണ്ടു പോയി. അവൾക്ക് അച്ഛനെ മതിയെന്നു പറഞ്ഞു.. നമുക്കിനി ആരുമില്ല... നിനക്ക് അച്ഛനെ വേണോ അതോ അമ്മയെ വേണോ? സത്യത്തിൽ എനിക്കൊന്നും മനസിലായില്ലഅമ്മ ഒരാവർത്തി കൂടി അത് ചോദിച്ചു..ഭ്രാന്തമായി അലറിക്കൊണ്ട്.എന്റെ നാവ് ഉയരുന്നില്ല.. സഹനത്തിന്റെ അവസാനം ഇങ്ങനെയാണോ? .അമ്മ അതാ എന്തോ എടുക്കുന്നു. എന്നെ ചേർത്ത് നിർത്തി തലയിലൂടെ അമ്മ അത് ഒഴിച്ചു.മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു.അമ്മ ഒരു ഭ്രാന്തി ആയി മാറുകയാണോ?. ഞാൻ കുതറി മാറാൻ ശ്രമിച്ചു.അമ്മ എന്നെ ചേർത്ത് നിർത്തി." എന്തേ...നിനക്ക് ഇപ്പോൾ തണുക്കുന്നില്ലെ...."
  കൂടാരം ഇപ്പോഴും ഞങ്ങളെ മൂടുന്നുണ്ടോ? പതിവ് പോലെ നിശ്വാസത്തിന്റെ ചൂട് പടരുന്നുണ്ടോ?...ഉണ്ട്...പക്ഷെ ചൂടിനു കാഠിന്യം കൂടി വരുന്നു.എനിയ്ക്ക് പൊള്ളി തുടങ്ങുന്നു.അമ്മ എന്നെ ചേർത്ത് പിടിച്ചു. " ഇനി നിനക്ക് തണുക്കില്ല... ചൂട്...." അമ്മ വാക്കുകൾ പൂർത്തിയാക്കിയില്ല.അപ്പോഴേക്കും തീ ഞങ്ങളെ മൂടിയിരുന്നു.
" അമ്മേ....എനിയ്ക്ക് തണുക്കുന്നു..." ഐസുകട്ടകൾക്കിടയിൽ ഞാൻ മരവിക്കുകയാണ്.ഞാൻ എങ്ങനെ മോർച്ചറിയിൽ എത്തി. കത്തിയമരാൻ തുടങ്ങിയ ഞങ്ങളെ ആരൊക്കെയോ വന്നു രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.പകുതി കത്തിയ ഞാൻ ആശുപത്രിയിലെക്കും അവിടുന്ന് മോർച്ചറിയിലേക്കും... ഒരു പക്ഷെ എന്റെ അമ്മയും ഇവിടെ ഉണ്ടാകാം..അല്ലെങ്കിൽ കത്തിയമർന്നു ചാരമായിട്ടുണ്ടാകാം....
" അമ്മേ.....കേൾക്കുന്നുണ്ടോ......എവിടെ എന്റെ അമ്മ......എവിടെ എന്റെ കൂടാരം....എനിയ്ക്ക് തണുക്കുന്നു........"