Thursday, 8 March 2018

ഓർമക്കുറിപ്പുകൾ

“പത്തു രൂപ കിട്ടീച്ചാ...ഒരു കവറിലെ അച്ചപ്പം വാങ്ങാരുന്നു...” പത്തു രൂപയ്ക്കു പത്തു ലക്ഷം രൂപയുടെ മൂല്യം ഉള്ള കുട്ടിക്കാലത്തു , എന്റെ ഈ ദാരിദ്ര്യം നിറഞ്ഞ വാക്കുകൾ എല്ലാവരിലും ഒരു നിരാശ പടർത്തി. ആകെ കയ്യിൽ ഉണ്ടായിരുന്ന കശുമാങ്ങ വിറ്റിട്ടാണ് ഇന്നലെ എട്ടു രൂപയ്ക്കു ക്രിക്കറ്റ് ബോൾ വാങ്ങിയത് .അതാണെങ്കിൽ ഇന്നലത്തെ കളിയിൽ തന്നെ പൊട്ടുകയും ചെയ്തു. “ഇന്നത്തെ പന്തിനു ഏതു കശുമാവിൻ കയറും എന്ന് ആലോചിക്കുമ്പോളാണ് അവന്റെ അച്ചപ്പം”. ടീം ക്യാപ്റ്റൻ ഉണ്ണിക്കുട്ടൻ എന്നെ നിരാശപ്പെടുത്തിക്കളഞ്ഞു. ഇന്നലെ ഔട്ട് ആയപ്പോൾ സമ്മതിക്കാതെ ബാറ്റ് ചെയ്യാൻ നോക്കിയതിനു എതിർ ടീം പഞ്ഞിക്കിട്ടവനാണ് ഇപ്പോൾ ഈ ഡയലോഗ് അടിക്കണത് . സില്ലി ബോയ്.... ഡയലോഗും  പറഞ്ഞു സുരേഷ് ഗോപി സ്റ്റൈലിൽ അവൻ ഇന്നത്തെ പന്തിനുള്ള വക തേടിപ്പോയി .
    ഇടവഴിയിലെ കലുങ്കിൽ ഇരുന്നു അച്ചപ്പം വാങ്ങുന്നതിനെക്കുറിച്ചും സിക്സർ അടിക്കുന്നതിനെക്കുറിച്ചും  പന്ത് വാങ്ങുന്നതിനെ കുറിച്ചും ഞങ്ങൾ ഗംഭീര പ്ലാനിംഗ് നടത്തുമ്പോഴാണ് , ഞായറാഴ്ചത്തെ സ്പെഷ്യൽ ട്യൂഷൻ കഴിഞ്ഞു , ഏഴാം ക്ലാസ്സിൽ പഠിക്കുന്ന  ഞങ്ങളുടെ സ്വന്തം ഐശ്വര്യ റായിമാരും സുസ്മിത സെന്നും ഒക്കെ വരണത് കണ്ടത്. കുഞ്ഞുന്നാളിലെ വായിനോട്ടം ആണ് ഏറ്റവും ബെസ്ററ്. നമ്മളൊഴികെ ബാക്കി എല്ലാവര്ക്കും നമ്മൾ കുട്ടികളായതു കൊണ്ട് , അന്ന് നമ്മുടെ പ്രായത്തിലുള്ള ഒരുത്തിയേം കൊണ്ട് എവിടെ പോയാലും സാറ്റ് കളിക്കുവാ എന്ന് പറഞ്ഞോളും. ..ഇപ്പോഴാണേൽ ബാല പീഡനം , പോക്സോ നിയമം....വെറുതെയാണോ പിള്ളേര് ഫോണിൽ അഭയം   തേടുന്നത്. ഇന്നലെ ഉമ്മറത്തിരുന്നു ഇത് പറഞ്ഞപ്പോൾ , അച്ഛൻ എന്നെ നോക്കി കണ്ണുരുട്ടുന്നത് കണ്ടു..'അമ്മ മാത്രം ഊറി ചിരിച്ചു..ഞാൻ ഫോണിൽ നോക്കിയും.
          ഓല മടല് വെട്ടി ഒരു ബാറ്റും കയ്യിലേന്തിയാണ് ഉണ്ണിക്കുട്ടൻ തിരികെ വന്നത്. അതിൽ സ്കെച്ച് പേന കൊണ്ട് MRF  എന്നെഴുതിയിരുന്നു. അവൻ കട്ട സച്ചിൻ ഫാൻ ആണ് .ഇപ്പോൾ സച്ചിൻ വിരമിച്ചത് കൊണ്ട് ക്രിക്കറ്റ് കാണുന്നത് നിർത്തി , ഷാർജ യിൽ ജോലി നോക്കുന്നു. ഇടയ്ക്കിടെ വിളിക്കുമ്പോൾ ,96  ലെ ഷാർജ കപ്പിൽ സച്ചിൻ ഇന്ത്യക്കു വേണ്ടി പൊരുതിയത് പോലെ , ഷാർജ സ്റ്റേഡിയത്തിനു അടുത്ത് ജീവിതത്തോട് പൊരുതുവാണ്‌ എന്ന് മൊഴിയുന്നതാണ് ഇപ്പോഴത്തെ ശല്യം. പറഞ്ഞു പറഞ്ഞു അവൻ സച്ചിനെ കൂടി വെറുപ്പിക്കും.

ബാറ്റിൽ MRF എന്നെഴുതിയത് കൂട്ടത്തിലെ ഗാംഗുലി ഫാൻ ആയ മുകേഷിന് അത്ര പിടിച്ചില്ല. ഗാംഗുലിയുടെ ബാറ്റിന്റെ പേരായ ബ്രിട്ടാനിയ മതി എന്നും പറഞ്ഞു രണ്ടും കൂടി തല്ലു കൂടുമ്പോഴാണ് കൂട്ടത്തിലെ തീറ്റ പ്രാന്തനായ അപ്പു ആ കാഴ്ച കണ്ട് അലറിയത്.തലയിൽ ഒരു വലിയ കൂടയുമായി  ലക്ഷ്മിയമ്മ അതാ എന്റെ വീട്ടിലേക്ക് കയറിപ്പോകുന്നു. അതെ ലക്ഷ്മിയമ്മ തന്നെ. ഉണ്ണിക്കുട്ടന്റെ നെഞ്ചത്ത് പഞ്ചവാദ്യം നടത്തി കൊണ്ടിരുന്ന കൈ പിൻവലിച് മുകേഷ് തന്നെയാണ് ആദ്യം ഓടിയത്. പിറകെ ഉണ്ണിക്കുട്ടനും ഞാനും എല്ലാവരും. സർവത്ര ഇടിയും ഉണ്ടാക്കിയിട്ട് , ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ MRF മാത്രം അവിടെ അനാഥമായി കിടന്നു.

ഞങ്ങളുടെ  നാട്ടിലെ  സഞ്ചരിക്കുന്ന  ഒരു  ബേക്കറിയായിരുന്നു ലക്ഷ്മിയമ്മ. അച്ചപ്പവും അരിമുറുക്കും ഉണ്ണിയപ്പവും വീട്ടിൽ തന്നെ ഉണ്ടാക്കി എല്ലാ വീടുകളിലും എത്തിക്കുന്നതായിരുന്നു അവരുടെ ജീവിത മാർഗം. അവർ വിറ്റിരുന്ന പലഹാരങ്ങളുടെ സ്വാദ് പിന്നീടൊരിക്കലും മറ്റൊരു ഹോട്ടെലിന്റെയും ചില്ലു ഭരണിയിൽ നിന്നും കിട്ടിയിട്ടില്ല എന്നതായിരുന്നു സത്യം.
പത്തു രൂപ കൊടുത്താൽ , അവർ ഒരു കവർ അച്ചപ്പം തരും. 'അമ്മ സ്ഥിരമായി വാങ്ങാറുണ്ട്. അവർ വീട്ടിലേക്ക് കയറിയ സ്ഥിതിക്ക് അത് വാങ്ങാൻ തന്നെ. ആദ്യം ഓടിയത് മുകേഷ് ആയിരുന്നെങ്കിലും എത്തിയത് ഉണ്ണിക്കുട്ടൻ ആയിരുന്നു. അപ്പു ആണെങ്കിൽ , വേലിക്കൽ നിന്നിരുന്ന കൊന്നമരത്തിന്റെ കമ്പിൽ നിക്കറും ഉടക്കി തൂങ്ങിക്കിടപ്പുണ്ട്. "അച്ചപ്പം എനിക്ക് കിട്ടീലെങ്കിൽ , കഴിഞ്ഞാഴ്ച അമ്മേടെ കുടുക്കയിൽ നിന്നും കാശ് മോഷ്ടിച്ച പന്ത് വാങ്ങീത് ഒറ്റു കൊടുക്കുമെന്ന് ആ മരത്തിൽ തൂങ്ങി കിടന്നു കൊണ്ട് ആ തെണ്ടി ഭീഷണിപ്പെടുത്തി. അത് കേട്ട ഉടനെ , അമ്മേ എന്ന് വിളിച്ച കൊണ്ട് അനിയത്തി അകത്തേക്കോടി. തീരുമാനമായി.. ..
ലക്ഷ്മിയമ്മയുടെ കയ്യിൽ നിന്നും അച്ചപ്പം വാങ്ങിക്കൊണ്ട് 'അമ്മ കാര്യം  പറഞ്ഞിരിക്കുകയാണ്. കടയിൽ തൂങ്ങി കിടക്കുന്ന എല്ലിൻ കഷ്ണം കണ്ട പഞ്ചായത്ത് പട്ടികളെ പോലെ ഞങ്ങളും അരികെ ഇരിപ്പുറപ്പിച്ചു. ഒടുവിൽ കയ്യിലിരുന്ന ഒരു കവർ അച്ചപ്പവുമായി 'അമ്മ അടുക്കളയിലേക്ക് കടന്നു കളഞ്ഞു.കണ്ണിൽ ചോര ഇല്ലാത്ത ദുഷ്ട.ലക്ഷ്മിയമ്മ തിരികെ പോകാനായി എഴുന്നേറ്റപ്പോഴേക്കും ഞങ്ങളും പിറകെ കൂടി. ഞങ്ങൾ വിടുന്ന ഭാവം ഇല്ലെന്നു കണ്ടപ്പോൾ അവർ , കൂടയിൽ നിന്നും ഒരു കവർ അച്ചപ്പം എടുത്ത് ഞങ്ങള്ക് നൽകി. " ഇതിനു പകരം തരാൻ ഞങ്ങള്ക് സ്നേഹം മാത്രമേയുള്ളു " എന്ന ഉണ്ണിക്കുട്ടന്റെ ഡയലോഗ് അസ്ഥാനത്തായി പോയി എന്ന്, അവരുടെ മുഖം ചുവക്കുന്നത് കണ്ടപ്പോൾ ഞങ്ങള്ക് മനസിലായി. " ഇതിന്റെ കാശ് നിന്റെ വീട്ടിൽ നിന്ന് ഞാൻ വാങ്ങിക്കോളാം" എന്ന് പറഞ്ഞു അവർ നടന്നു പോയി. അങ്ങനെ ഉണ്ണിക്കുട്ടന്റെ ക്യാഷ് കൊണ്ട് എന്റെ ജീവിതത്തിലെ ആദ്യത്തെ ട്രീറ്റ് കിട്ടി. അച്ചപ്പതിന്റെ ഓരോ ഭാഗവും അടർത്തി എടുത്ത് , ഓരോ കൈവിരലിലും മോതിരം പോലെ അണിഞ്ഞു , കലുങ്കിൽ ഇരുന്ന് കൊണ്ട് ഞങ്ങൾ തിന്നു. ഇന്നത്തെ അത്താഴം വീട്ടുകാർ തരില്ലെന്നോർത്തു ഞങ്ങളുടെ ഉണ്ണികുട്ടനും. പിന്നീട് ഞങ്ങൾ ഇതൊരു പതിവാക്കി. എന്നും ഓരോ കവർ അച്ചപ്പം വാങ്ങും . ലക്ഷ്മിയമ്മ ഓരോ ദിവസവും ഓരോരുത്തരുടെ വീട്ടിൽ നിന്നും ക്യാഷ് വാങ്ങും. അങ്ങനെ മഴവെള്ളം ഒഴുകും പോലെ ഞങ്ങളുടെ ജീവിതം ഒഴുകി നടന്നു. ഒടുവിൽ ഞാൻ ഒഴുകി വിപ്രോ ലും എത്തി.
     വർഷങ്ങൾക്കു ശേഷം ഇന്നലെയാണ് ലക്ഷ്മിയമ്മയെ കണ്ടത്.സിനിമ തീയറ്ററിലെ ക്യൂവിൽ ടിക്കറ്റ് എടുക്കാൻ കാത്തു നിന്നപ്പോൾ , വേറൊരു സ്ത്രീയുടെ കയ്യും പിടിച്ചു അവർ നടന്നു വരുന്നു.അവർ അവിടെ നിൽക്കുന്ന ഓരോരുത്തരോടും എന്തൊക്കെയോ പറയുന്നുണ്ട്. അവരുടെ അടുത്തേക്ക് ചെന്ന് സംസാരിച്ചാലോ എന്ന് തോന്നി. പക്ഷെ ക്യൂവിൽ നിന്നും പുറത്തു പോയാൽ പിന്നെ ബുദ്ധിമുട്ടാകും. അവരുടെ വരവ് ഭിക്ഷക്കാരി ആയിട്ടാണെന്നു പിന്നീടാണ് എനിക്ക് മനസിലായത്. "എന്റെ വലതു കണ്ണിനു കാഴ്ച ഇല്ല മോനെ...ഇടതു കണ്ണിലും എല്ലാം ഒരു നിഴൽ പോലെയേ കാണുന്നുള്ളൂ..എന്തെങ്കിലും തന്നു ഒന്ന് സഹായിക്കണേ.." അവർ യാചിക്കുകയാണ്. എനിക്ക് ദേഷ്യം വന്നു. നാട്ടിൽ അത്യാവശ്യം വരുമാന മാർഗമുള്ള ഒരു സ്ത്രീ , ഇവിടെ വന്നു ആൾക്കാരെ പറ്റിച്ചു ജീവിക്കുന്നു.
"ആരും ഒരു രൂപ പോലും കൊടുക്കരുത്. ഇവർ കാണിക്കുന്നത് കള്ളത്തരമാണ്. എനിക്കറിയാവുന്ന സ്ത്രീ ആണിത്. കണ്ണ് വയ്യെന്നോക്കെ നുണയാണ്. മനുഷ്യനെ പറ്റിക്കാൻ ഇറങ്ങിക്കോളും. "
ഞാൻ ദേഷ്യത്തിൽ അലറി .ദോഷം പറയരുതല്ലോ , കിട്ടിയ അവസരം എന്റെ ചങ്കു ബ്രോസ് നന്നായി  മുതലാക്കി. കൂടെ നാട്ടുകാരും. ഇമ്മാതിരി സാമൂഹ്യ വിപത്തുകളെ കയ്യോടെ പോലീസിൽ ഏൽപ്പിക്കണം എന്ന ക്ളീഷേ ഡയലോഗും അടിച്ചു അവന്മാരെല്ലാം കൂടി അവരെ നന്നായി അപമാനിച്ചു പറഞ്ഞു വിട്ടു.
ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് , വീട് പൂട്ടി ഇട്ടിരിക്കുന്നതായി കണ്ടത്. ഉമ്മറപ്പടിയിൽ കുറെ നേരം ഇരുന്നപ്പോഴേക്കും'അമ്മ വന്നു. "നിനക്കോർമ്മയില്ലേ നമ്മുടെ ലക്ഷ്മിയമ്മയെ. അവർ മരിച്ചൂടാ...പാവം നോക്കാൻ ആരൂണ്ടാർന്നില്ല..കാഴ്ചയും  കേൾവിയും  ഒക്കെ ഇല്ലാണ്ടായാൽ പിന്നെ ആർക്കാ വേണ്ടത്. പട്ടിണി കിടന്നാണ് മരിച്ചത് എന്ന് പറയുന്നുണ്ട്. " 'അമ്മ വാതിൽ തുറക്കുന്നതിനിടയിൽ പോയതിന്റെ വിശദീകരണവും തന്നു."അതിനു അവർകെന്താരുന്നു കുഴപ്പം. പലഹാരവും വിറ്റ് നല്ല വരുമാനത്തിൽ ജീവിക്കുകയായിരുന്നില്ലേ. " ആ വാക്കുകൾ മുഴുമിപ്പിക്കാൻ 'അമ്മ സമ്മതിച്ചില്ല. " അതൊക്കെ എത്ര വർഷം മുൻപ് ആരുന്നു മോനെ... എന്നും ആൾക്കാർ ഒരു പോലെ ഇരിക്കും എന്നാണോ നീ കരുതുന്നത്...നീ ബാംഗ്ലൂരും കൊച്ചിയിലും പോയപ്പോഴും , ഇവരും ഇവിടെ ജീവിക്കുന്നുണ്ടാരുന്നുടാ...കൺവെട്ടത്തില്ലെങ്കിൽ നമുക് വർഷമെത്ര കഴിഞ്ഞാലും എല്ലാരും പഴയ പോലെയാ. ഇടയ്ക്കൊക്കെ പഴയത് ഓർക്കുകയും പുതുക്കുകയും ചെയ്യാൻ ഇനി എന്നാണ് നീ പഠിക്കുക."
ഞാൻ ഒന്നും മിണ്ടിയില്ല.സത്യത്തിൽ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. എന്നോടൊപ്പം അവരും മാറുന്നുണ്ട് എന്ന് എന്തെ ഞാൻ  ഓർത്തില്ല. "അവരുടെ കാഴ്ച ഒക്കെ പോയാരുന്നു ഡാ..ആകെയുള്ള മകൾ എറണാകുളത് എവിടെയോ ആണ്. അവൾ ഇവരെ നോക്കുകയൊന്നും ഇല്ല. ഇടയ്ക്ക് ആരെയെങ്കിലും വിളിച്ചു അവളെ കാണാൻ പോകും. അവൾ വണ്ടിക്കാശ് പോലും കൊടുക്കില്ലാരുന്നു. പാവം.  ഇരന്നു തിന്നാനാരുന്നു വിധി. " . അമ്മയുടെ ഓരോ വാക്കുകളും ആയിരം അമ്പുകളായി എന്നിൽ തറഞ്ഞു കയറി. ഓരോന്നു വെട്ടിപ്പിടിച് മുന്നേറുമ്പോഴും, പിന്നിലുപേക്ഷിക്കുന്ന ജീവിതം തിരിഞ്ഞു നോക്കിയിരുന്നില്ല. കണ്ണ് വയ്യാതെ ഭിക്ഷ യാചിച്ച അവരെ ഞാൻ കാരണം അപമാനിച്ചു പറഞ്ഞു വിട്ടു.
എങ്ങനെയാണു ഞാൻ ആ തെറ്റ് തിരുത്തുക. ഒരു മാപ്പു പോലും പറയാൻ പറ്റാത്ത ലോകത്തേക്ക് അവർ യാത്രയായി. എന്തിനാണ് ദൈവം ഇങ്ങനെ ശിക്ഷിക്കുന്നത്? ഒരുകാലത്തു പ്രിയപ്പെട്ടതായിരുന്നു പലതും ഇന്ന് ഓർമകൾ ആണ്. ചിലത് ഓർമകളിൽ പോലും മരിച്ചിരിക്കുന്നു. മാപ്പർഹിക്കാത്ത തെറ്റിന് ഞാൻ പിടിക്കപ്പെട്ടിരിക്കുന്നു.പക്ഷെ വിചാരണ ചെയ്യാൻ ആരുമില്ല.  " എടാ ആ മുകേഷിന്റെ കല്യാണം ആയല്ലോ..ഇന്നലെ ഇവിടെ വിളിക്കാൻ വന്നിരുന്നു..." മുകേഷ്..... ഞാൻ ഫോൺ എടുത്ത് നമ്പേഴ്സ് തപ്പി നോക്കി. .ഇല്ല... എന്റെ ഫോണിൽ അങ്ങനെയൊരു നമ്പർ ഇല്ല.  "അമ്മെ അവനിപ്പോ എവിടെയാ..." എന്റെ ചോദ്യം അമ്മയ്ക്കൊരു അത്ഭുതം ആയിരുന്നു. " നിങ്ങൾ തമ്മിൽ ഇപ്പോ വിളിക്കാറൊന്നും ഇല്ലേ..അവൻ ഗൾഫിൽ ആണെന്ന് തോന്നുന്നു. 'അമ്മ ചോദിച്ചപ്പോൾ ഓർമയിൽ നിന്നും ഞാൻ തിരഞ്ഞു പിടിച്ച എന്റെ ബാല്യകാല സുഹൃത്താണ് അവൻ എന്ന് പറഞ്ഞാൽ 'അമ്മ വിശ്വസിക്കുമോ ? ഒരു കാലത്തു എന്റെ ലൈഫ് അവരൊക്കെ ആയിരുന്നു. കലുങ്കിൽ ഇരുന്നു തമാശ പറഞ്ഞും , മടല് വെട്ടി ബാറ്റ് ഉണ്ടാക്കിയും റബ്ബർ പന്തിൽ പാടത്തു ക്രിക്കറ്റ് കളിച്ചും , തോരാ മഴയത്തു ഫുട്ബോൾ കളിച്ചും , മരത്തിൽ കയറി ആഞ്ഞിലിച്ചക്ക പറിച്ചും കരിങ്കല്ല് കൊണ്ട് കണ്ണിമാങ്ങാ എറിഞ്ഞു വീഴ്ത്തിയും കൂടെ നടന്നവർ. ഇന്ന് പലരും പല വഴി ആയിരിക്കുന്നു. ഫേസ്ബുക്കിൽ ഒന്ന് തപ്പണം. കണ്ടു കിട്ടാതിരിക്കില്ല..
ഞാൻ ഇത് എഴുതുമ്പോഴും , എന്റെ അപ്പുറത്തായി ഇപ്പോഴത്തെ റൂം മേറ്റ്സ് ആയ വിഷ്ണുവും വിമലും ഉറങ്ങുകയാണ്. ഇനി ഇവന്മാർ എന്നാണാവോ എന്റെ പഴയ കാല സുഹൃത്തുക്കളായി ഓർമകളിൽ നിറഞ്ഞു ഒടുവിൽ മാഞ്ഞു പോകുന്നത്.
"എന്തിനാണ് ദൈവം മറന്നു പോകാനായി മാത്രം ചിലരെ ഹൃദയത്തോട് ചേർത്ത് വച്ച് തരുന്നത് ....?"

No comments:

Post a Comment