Friday 18 January 2019

ചില നനഞ്ഞ ചിരികൾ





"വിഡ്ഢിയാക്കപ്പെടുന്നവരുടെ ചിരികളാണ് ചരമപ്പേജുകളിൽ " എന്ന് അമ്മ ഇടയ്ക്കിടെ പറയാറുണ്ട്. ചില നനഞ്ഞ ചിരികൾ കാണുമ്പോൾ സംഗതി സത്യമാണെന്നു തോന്നും. ആത്മഹത്യ സ്വയം  തിരഞ്ഞെടുത്തവർ, പ്രേരണയാൽ ചെയ്യപ്പെട്ടവർ, എന്തിനോ വേണ്ടി ജീവിച്ചിട്ട് അവസാനം "വാർധക്യ സഹജമായ അസുഖം മൂലം " എന്ന ലേബലും കൊടുത്തു നമ്മൾ വെറും കയ്യോടെ പറഞ്ഞയക്കുന്നവർ.,ആരുടെയോ അശ്രദ്ധ മൂലം അപകട മരണങ്ങളിലൂടെ യാത്ര പറഞ്ഞവർ.. ഇത്രയും വ്യത്യസ്തമായ ഉള്ളടക്കങ്ങൾ ഒരു പക്ഷെ ചരമ പേജിനു മാത്രം അവകാശപ്പെട്ടതാവും... ആരുടെയൊക്കെയോ നെഞ്ചിൽ ഇപ്പോഴും അണയാതെ വിങ്ങുന്ന നെരിപ്പോടുകൾ.. അണഞ്ഞു തുടങ്ങുമ്പോഴേക്കും ചില ഓർമകളിലൂടെ വീണ്ടും നീറി തുടങ്ങുന്നവർ... ഉപയോഗിച്ചു പഴകിയ വസ്തുക്കളിലൂടെയോ, ചരമ പേജിലെ ഒരു നനഞ്ഞ ചിരിയിലൂടെയോ പിന്നെയും നമ്മെ നോവിക്കുന്നവർ.....

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിലെ നീണ്ട ബെഞ്ചിൽ ട്രെയിൻ കാത്തിരിക്കുമ്പോഴാണ് അയാൾ ലോട്ടറി ടിക്കറ്റും കൊണ്ട് വന്നത്.... സ്ഥിരമായി കാണുന്ന ആളായത് കൊണ്ട് പരിചിത ഭാവത്തിൽ അയാൾ എന്റെ അരികിൽ വന്നിരുന്നു.... നോക്കികൊണ്ടിരുന്ന പത്രത്തിൽ നിന്നും മുഖമുയർത്തി നോക്കുമ്പോഴേക്കും ഞാൻ  സ്ഥിരമായി എടുക്കാറുണ്ടായിരുന്ന ലോട്ടറി ടിക്കറ്റിന്റെ 2 താളുകൾ അയാൾ എനിക്ക് നേരെ നീട്ടി.  ഭാഗ്യപരീക്ഷണങ്ങളിൽ  താല്പര്യമില്ലെങ്കിലും , ചിലരുടെ നിർഭാഗ്യങ്ങളിൽ കണ്ണടയ്ക്കാതെ ഇരിയ്ക്കുന്നതാണ് മനുഷ്യത്വം. . ലോട്ടറി ടിക്കറ്റും വാങ്ങി പൈസയും കൊടുത്തപ്പോൾ അയാൾ ചിരിച്ചു... നന്ദി പ്രകടനം.. തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത ഒരു വൃദ്ധന്റെ ആത്മാഭിമാനമുള്ള ചിരി..

കണ്ടിട്ട് കുറെ നാളായെങ്കിലും അയാൾ ഇന്ന് വരെ സംസാരിക്കുന്നത് കേട്ടിട്ടില്ല . മുഷിഞ്ഞ തുണിയും ഉടുത്തു,  കയ്യിൽ ലോട്ടറി ടിക്കറ്റുമായി അയാൾ ഇങ്ങനെ ഓരോരുത്തരുടെ അരികിലും എത്തും...സംസാരശേഷി അയാൾക്കില്ല എന്നുള്ളത് മറ്റുള്ളവരെ പോലെ ഞാനും അനുമാനിച്ചു. ഇത്രയും  പ്രായമായിട്ടും ഭിക്ഷ യാചിക്കാതെ ജോലിയെടുത്തു ജീവിക്കാനുള്ള അയാളുടെ മനക്കരുത്തിൽ അഭിനന്ദിക്കാൻ തോന്നിയ നിമിഷത്തിലാണ് ഞാൻ അയാളുമായി ചങ്ങാത്തം കൂടുന്നത്. അയാൾക്കു വേണ്ടി അങ്ങനെ എന്റെയും ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു.



സംസാരിക്കാൻ കഴിയാത്ത ആളായത് കൊണ്ട് അയാളെ പറ്റി കൂടുതൽ വിവരങ്ങൾ അറിയുവാൻ വഴി ഉണ്ടായിരുന്നില്ല.. രാവിലെ പോകുമ്പോഴും വൈകിട്ട് വരുമ്പോഴും, പിന്നെ ഒരു ദിവസം ട്രെയിൻ വൈകിയ നേരത്തു പ്ലാറ്റ്‌ ഫോമിൽ  ഒരു മുഷിഞ്ഞ തുണി സഞ്ചിമേൽ തല വെച്ച് ഉറങ്ങുന്നത് കണ്ടതിനാലും അവിടെ തന്നെയാണ് അയാളുടെ സഹവാസം എന്ന് ഞാൻ മനസിലാക്കി.. എപ്പോൾ കണ്ടാലും ലോട്ടറി ടിക്കറ്റ് അയാൾ നീട്ടുമായിരുന്നു ...



ചായയും കൊണ്ട് വന്ന അയാളുടെ കയ്യിൽ നിന്നും രണ്ടു ചായ വാങ്ങി ഒരെണ്ണം ഞാൻ അയാൾക്കു നേരെ നീട്ടി . ആദ്യം നിരസിച്ചെങ്കിലും അയാൾ  പിന്നീട് അത് വാങ്ങി.കുടിക്കുന്നതിനിടയിൽ എന്റെ കൈയിലിരുന്ന പത്രം വാങ്ങി നിവർത്തി... ചരമ പേജ് എടുക്കുമ്പോൾ അതിന്റെ ഇടതുവശത്തായി മറ്റുള്ള ഫോട്ടോകളുടെ നടുക്ക് ഒരു കളർ ചിത്രം... ഏഴാം ചരമവാർഷികം ..സുഭദ്ര 'അമ്മ…ദുഖത്തോടെ ഭർത്താവ് ചന്ദ്രൻ... മക്കളുടെയും മറ്റു മക്കളുടെയും പേരുള്ള ഒരു നീണ്ട ലിസ്റ്റ്.. അയാൾ അതിലേക്ക് തന്നെ നോക്കി ഇരുന്നു.. എന്നിട്ട് മുഖമുയർത്തി എന്നെ നോക്കി. പത്രത്തിലെ ആ സ്ത്രീയുടെ ഫോട്ടോ ഇടനെഞ്ചിലേക്ക് ചേർത്തു വച്ചു. എനിയ്ക്ക് കാണാവുന്ന തരത്തിൽ... നിഷ്കളങ്കമായി ചിരിച്ചു.. മുഷിഞ്ഞ ഷർട്ടിനുള്ളിലും പുറത്തും ആ സ്ത്രീയുടെ തിളക്കം ഞാനറിഞ്ഞു..

ഹാ.. എത്ര സുന്ദരമായ പ്രണയം... ഏഴു വർഷങ്ങൾക്കിപ്പുറവും ഇടനെഞ്ചോടു ചേർന്ന് അവർ മന്ദഹസിക്കുന്നു.. ലോട്ടറിയുടെ പൈസ സൂക്ഷിക്കാൻ ഉള്ള ബാഗിൽ നിന്നും ഒരു രസീത് അയാൾ എന്നെ കാണിച്ചു. കളർ പേജിൽ ചിരിച്ചു കൊണ്ടിരിക്കാൻ അയാൾ പത്രത്തിന് നൽകിയത് പതിനായിരം രൂപ. ചിലപ്പോൾ അയാളുടെ ഒരു വർഷത്തെ സമ്പാദ്യം ആകും ആ ചിരിച്ചു കൊണ്ടിരിക്കുന്നത്. "നന്നായിട്ടില്ലേ? " എന്ന് അയാൾ ആംഗ്യ ഭാഷയിൽ എന്നോട് ചോദിച്ചു. ആ ചിത്രത്തിന്റെ ഭംഗി ആസ്വദിക്കാൻ അയാൾക്കല്ലാതെ വേറെ ആർക്കാണ് അവകാശം..

അയാൾ പതിയെ എഴുന്നേറ്റ് അടുത്ത ആളെ തെരക്കിപ്പോയി. പോകുന്ന വഴിയിൽ എല്ലാം എന്റെ ചിന്ത അത് തന്നെ ആയിരുന്നു. ആ സ്ത്രീയുടെ ഫോട്ടോയുടെ താഴെ അവരുടെ പേരിനൊപ്പം മക്കളുടെയും മരുമക്കളുടെയും നീണ്ട നിര തന്നെ ഉണ്ടായിട്ടും അയാൾ റെയിൽവേ സ്റ്റേഷനിൽ വര്ഷങ്ങളായി അഭയം തേടുന്നു. ആരുമില്ലാതിരുന്നിട്ടും ഏഴു വർഷം മുൻപ് നഷ്ടപ്പെട്ട പ്രിയപ്പെട്ടവളെ ഇപ്പോഴും ഓർത്തെടുക്കുന്നു. സമ്പാദ്യങ്ങൾ കൂട്ടി വച്ചു അവളുടെ ഓർമകളെ പ്രിയപ്പെട്ടതാക്കുന്നു.. അയാളോളം സ്നേഹത്തിന്റെ വില അറിഞ്ഞ ആരുണ്ടാകും..

ഓർത്തിരിക്കാൻ ആരെങ്കിലും ഉണ്ടാവുക എന്നതല്ലേ നമ്മുടെയൊക്കെ വലിയ സമ്പാദ്യം.. ഓർമകളുടെ തടവിൽ പ്രിയപ്പെട്ടവരെയും ആക്കി പറന്നങ്ങനെ ഉയരണം.. അയാൾ നെഞ്ചോടു ചേർത്തു വച്ച ആ പത്രത്താള് ഇന്ന് എത്ര പേര് നിലത്തിട്ട് ചവിട്ടിയിട്ടുണ്ടാകും. അയാളുടെ ആ ജീവശ്വാസത്തെ എത്ര പേര് അവഗണിച്ചു താളുകൾ മറിച്ചിട്ടുണ്ടാകും.. ഞാനും വാങ്ങിയ പേപ്പർ ഇപ്പോൾ ആരെങ്കിലും ആ പ്ലാറ്റ്‌ ഫോമിലിട്ട് ചവിട്ടി നശിപ്പിച്ചിട്ടുണ്ടാകാം..

ആ സ്ത്രീക്ക് വേണ്ടി അയാൾ ഓർത്തിരിക്കുന്നത് പോലെ അയാൾക്കു വേണ്ടിയും ആരെങ്കിലും ഉണ്ടാകുമോ.. ഒരു പത്രത്താളിലോ , ഓർമയുടെ ഏതെങ്കിലും ഒരു കോണിലോ കോറിയിടാൻ ആരെങ്കിലും ഉണ്ടാകുമോ.. എനിയ്ക്ക് പോലും രണ്ടു ദിവസത്തിനപ്പുറം ഇയാൾ ആരുമല്ലാതാകും.. നമ്മുടെയൊക്കെ ഓർമകൾക്ക് അൽപായുസ്സാണല്ലോ..

ചരമക്കോളത്തിലെ വിഡ്ഢിയാക്കപ്പെട്ടവരുടെ നനഞ്ഞ ചിരികൾ അവഗണിച്ചു താളുകൾ മരിക്കുമ്പോൾ ഒന്നോർക്കുക.. ആരുടെയൊക്കെയോ പ്രിയപ്പെട്ടവരുടെ ജീവ ശ്വാസമാണ് ആ ചിരികൾ എന്ന് ..

ഓർമിക്കപ്പെടുവാനും വേണം ഒരു ഭാഗ്യം... അല്ലേ ?????