Wednesday 22 February 2017

ചിരി ..!!

                 
അത്യാവശ്യമായി വീട്ടിലെത്തണമെന്നു അമ്മ പറഞ്ഞത് കൊണ്ടാണ് അന്ന് രാത്രി തന്നെ വീട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചത്.ഓഫിസിലെ പണിയും ഒതുക്കി , റൂമിൽ വന്നു തുണികളും എടുത്ത് ബസ്സ്റ്റാന്റിലെത്തിയപ്പോഴേക്കും 11 മണി ആയിരുന്നു.അടുത്ത ബസ് വരാൻ 45  മിനിട്ടോളം സമയം ഉണ്ട്.കയ്യിലുണ്ടായിരുന്ന ഒരു അന്തി പത്രത്തിന്റെ പേജുകൾ മറിച് ഞാൻ  തിരക്കൊഴിഞ്ഞ ഒരു കോണിലേക്കിരുന്നു.
    
ചുറ്റുമൊന്നു കണ്ണോടിച്ചപ്പോഴാണ് ഒരു ഏഴു വയസുകാരിയുടെ നിഷ്കളങ്കമായ ചിരിയിൽ എന്റെ ശ്രദ്ധ പതിഞ്ഞത്.കയ്യിൽ ഒരു കടലാസ് മിഠായിയുമായി അവൾ കാഴ്ചകൾ കാണുകയാണ്.ഞാനും ചിരിച്ചു.അപ്പോഴാണ് അവളുടെ കൂടെ നിൽക്കുന്ന 40  വയസ്സോളം പ്രായം തോന്നിക്കുന്ന ആ സ്ത്രീയെ ഞാൻ കണ്ടത്.അവരും എന്നെ നോക്കി ചിരിക്കുന്നു. അമ്മയാവും..അവർ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു. പലതരം കളറുകൾ കൊണ്ട് വർണാഭമായ സാരിയും , പൊട്ടും , ലിപ്സ്ടിക്കും, മുല്ലപ്പൂവും, ചുണ്ടിൽ ആകർഷിക്കുവാനുള്ള  ചിരിയും.ആ ചിരിയുടെ അർഥം പന്തിയല്ലെന്ന് മനസിലാക്കാൻ അത് തന്നെ ധാരാളമായിരുന്നു. അവർ എന്റെ അടുത്തേക്ക് വന്നു. വിലപേശി സ്വയം വില്പന ചരക്കായി ജീവിക്കുന്നവൾ.
      
ആൾക്കാരെ ആകർഷിക്കുവാനുള്ള അവരുടെ ചിരിയും സംസാരവും സത്യത്തിൽ എനിക്ക് ദേഷ്യമാണുണ്ടാക്കിയത് . "നിങ്ങളോ ഇങ്ങനെ ആയി...എന്തിനാണീ കുഞ്ഞിനെ കൂടി കൂടെ കൊണ്ട് നടക്കുന്നത് ?..." ദേഷ്യത്തിലാണ് ഞാനത് ചോദിച്ചതെങ്കിലും അവരിൽ അത് ഒരു ഭാവ മാറ്റവും ഉണ്ടാക്കാത്ത കാരണം ഞാൻ സ്വയം പരിഹാസ്യനായി. അൽപ നേരമുണ്ടായ ആ നിശബ്ദത കീറി മുറിച്ചത് അവർ തന്നെയാണ്. "എനിക്കും കുഞ്ഞിനുമുള്ള ജീവിത മാർഗമാണ് ഇത്. സമൂഹത്തിലെ കപട സദാചാരക്കാരെ എന്നോളം നിങ്ങൾക്കറിയാൻ വഴിയില്ല.ഞാൻ എന്ത് വിശ്വാസത്തിലാണ് എന്റെ കുഞ്ഞിനെ ഒറ്റയ്ക്ക് വീട്ടിലിരുത്തുന്നത്.ഇവിടെ ഈ ആൾക്കൂട്ടത്തിൽ  , അവളെ സുരക്ഷിതയായി ഇരുത്തിയിട്ടേ ഞാൻ എവിടേക്കായാലും പോകു.എന്റെ കൂടെ നിൽക്കുമ്പോഴാണ് അവൾ ഇങ്ങനെയൊരു സ്ത്രീയുടെ മകൾ.ഈ ആൾകൂട്ടത്തിൽ ഇരുന്നാൽ അവൾ ഏതോ ഒരു വഴിയാത്രക്കാരന്റെ മകൾ ആണ്.അവളെ ആരും തൊടുകയില്ല.
     ചിലയിടങ്ങൾ വീടിനേക്കാളും സുരക്ഷിതമാണ് പെൺകുട്ടികൾക്ക്." ഞാൻ എന്തെങ്കിലും പറയുമോ എന്ന് അവർ ഒരു നിമിഷം ശ്രദ്ധിച്ചു. വാക്കുകൾ വറ്റി പോയിരിക്കുന്നു.എന്നിൽ ഉണർന്ന സാമൂഹിക പരിഷ്കർത്താവിനെ അവൾ നിഷ്കരുണം ചവിട്ടി താഴ്ത്തി.ഒന്നും മിണ്ടാതെ ഞാൻ വീണ്ടും പത്ര വായന തുടർന്നു.

  അൽപ സമയത്തിനകം തന്നെ ഏതോ ഒരു വഴിപോക്കൻ അവർക്കായി വന്നു. കുഞ്ഞിനെ അവർ സ്റ്റാന്റിലെ വെളിച്ചമുള്ള ഒരു ഭാഗത്തു ആൾക്കൂട്ടത്തിനിടയിലേക്ക് ഇരുത്തി. 'അമ്മ ഇപ്പൊ വരാം എന്ന് പറഞ്ഞു കൊണ്ട് , കവിളിൽ ഒരു മുത്തവും നൽകി അവർ ആ അപരിചിതനോടൊപ്പം ഇരുട്ടിലേക്ക് മറഞ്ഞു.
     
ആ കുട്ടി  ഒന്നുമറിയാതെ കാഴ്ചകൾ കണ്ട് അങ്ങനെ ഇരുന്നു. അവളെ നോക്കി ഞാനും.ഒരു പത്തു മിനിറ്റിനു ശേഷം കയ്യിൽ ഒരു ചെറിയ മിട്ടായി പൊതിയുമായി രണ്ടു പേർ അവളുടെ അടുത്ത വന്നിരിക്കണത് ഞാൻ കണ്ടു.എന്റെ ഉള്ളിൽ ഭീതിയുടെ മിന്നൽ പിണർ പാഞ്ഞു. അവളുടെ അമ്മയെ എങ്ങും കാണുന്നില്ല. വന്നിരുന്നവർ നീട്ടിയ മിട്ടായി പൊതിയിലായിരുന്നു അവളുടെ ശ്രദ്ധ. അവർ എന്താണ് സംസാരിക്കുന്നതെന്നോ പരിചിതരാണ് എന്നുള്ളതോ എനിക്ക് അവ്യക്തമായിരുന്നു.പക്ഷെ അവരോട് സംസാരിച്ചിരിക്കുമ്പോൾ അവൾ നിഷ്കളങ്കമായി ചിരിക്കുന്നുണ്ടായിരുന്നു.ഒരു പക്ഷെ അവൾക്ക് പ്രിയപ്പെട്ടവർ ആരെങ്കിലും ആയിരിക്കും.അങ്ങനെ അനുമാനിക്കുകയെ  നിവർത്തിയുള്ളു.
  അവളുടെ ആരാണ് അവർ എന്നത് ചോദ്യം ചെയ്യാൻ പോയാൽ ചിലപ്പോൾ ഞാനാകും പ്രതി.കൊല്ലാനാണോ വളർത്താനാണോ അവർ അരികിലിരിക്കുന്നത് എന്ന് മനസിലാക്കാൻ അവൾക്ക് അറിയാത്ത പക്ഷം, ഞാൻ അവൾക്ക് അപരിചിതനാണ്.അവർ അറിയുന്നവരും.എന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെട്ടേക്കാം.ഞാൻ ആശയക്കുഴപ്പത്തിലായി.
  
ഇരുട്ടിന്റെ മറ നീക്കി അവളുടെ അമ്മയും കൂടെ പോയവനും തിരികെ വരുമ്പോൾ കൂടെ പോലീസുകാരും ഉണ്ടായിരുന്നു.എന്റെ കുഞ്ഞു എന്ന് പറഞ്ഞു അവർ അവിടേക്ക് നോക്കിയതും , കൂടെയുണ്ടായിരുന്ന പോലീസുകാരന്റെ കൈ മുഖത്തേക്ക് പതിഞ്ഞതും ഒരുമിച്ചായിരുന്നു. അവരുടെ വിലാപം അവഗണിക്കപ്പെട്ടു. ക്രൂരമായ മർദ്ദനത്തിൽ അവരുടെ നിലവിളി മുങ്ങിപ്പോയി. അവരുടെ വാക്കുകൾ കേൾക്കുവാൻ അവർ തയ്യാറായില്ല. ഇങ്ങനെയുള്ള സ്ത്രീ , മകളെ ബസ് സ്റ്റാന്റിൽ നിർത്തിയിരിക്കുന്നു പോലും.അവർ ജീപ്പിനുള്ളിലേക്ക് വലിച്ചെറിയപ്പെട്ടു.
    തിരുവനന്ത പുരത്തേക്കുള്ള അവസാന ബസ്സിന്റെ ഹോൺ എന്റെ കാതുകളിൽ മുഴങ്ങി. ഞാൻ ഞെട്ടി. നിസ്സഹായത എന്നെ വേട്ടയാടി.ഞാൻ ബസ്സിനരികിലേക്ക് നടന്നു.ആ കുട്ടിയും , അപരിചിതരോടൊപ്പം എഴുന്നേറ്റു. അമ്മയുടെ കൂടെ കൊണ്ട് പോകാം എന്ന ഉറപ്പിന്മേൽ അവൾ   അവരോട് കൂടി നടന്നു.ഞാൻ ബസ്സിലേക്ക് കയറി.ബസ് പതിയെ നീങ്ങി തുടങ്ങി. പോലീസ് ജീപ്പും ആ അമ്മയെ കൊണ്ട് നീങ്ങി തുടങ്ങി. അവളും അപരിചിതരോടൊപ്പം ഒരു ഓട്ടോയിലേക്ക് കയറി. അതിലൊരുവന്റെ മടിയിൽ മിട്ടായിയും നുണഞ്ഞു കൊണ്ട് അവൾ ഇരുന്നു. പോലീസ് ജീപ്പ് സ്റ്റാന്റിൽ നിന്നും വലതു വശത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു.അവളെയും കൊണ്ട് ആ ഓട്ടോ ഇടതു വശത്തേക്കുള്ള ഇരുട്ട് നിറഞ്ഞ വഴിയിലേക്കും തിരിഞ്ഞു. എന്റെ കണ്ണിൽ ഇരുട്ട് പടർന്നു. നാളത്തെ പത്രത്തിലെ അവളുടെ പിച്ചി ചീന്തിയ പടത്തോടു കൂടിയ ഒരു കോളം വാർത്ത തടയാൻ എനിക്ക് കഴിയാതെ    പോയി.