Thursday, 18 February 2016

ചില തിരിച്ചറിവുകൾ...

       ഇത്തവണ ക്രിസ്മസ് ഒരു വെള്ളിയാഴ്ച ആയിരുന്നത് കൊണ്ട് , മൂന്നു ദിവസം അവധി കിട്ടിയ സന്തോഷത്തിലാണ് വീട്ടിലെത്തിയത്.വന്നയുടൻ തന്നെ കൂട്ടുകാരന്റെ വക ആയി ഒരു ഫോൺ കാൾ.   +2 ബാച്ചിന്റെ റീ യൂണിയൻ. ശനിയാഴ്ച കൂടണം.ക്രിസ്മസ് അവധി ആയതു കൊണ്ട് സ്കൂൾ വരാന്തകൾ വിജനമായിരുന്നു. വരാന്തകളിൽ ഞങ്ങളിന്നു അന്യന്മാർ ആയിരിക്കുന്നു. സ്കൂൾ മുറ്റത്ത് കുട വിരിച് നില്കുന്ന വാക മരങ്ങൾ പരിഭവം നടിച്ചു പ്രണയിനിയെപ്പോലെ കാറ്റിൽ മുഖം തിരിച്ചു.പണ്ടായിരുന്നെങ്കിൽ, ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുമ്പോൾ വിരുന്നെത്തുന്ന മഴയിൽ നനയാതിരിക്കാൻ ഞങ്ങൾക്ക് വേണ്ടി കുട വിരിക്കുമായിരുന്നു അവ. ഘനമുള്ള മഴത്തുള്ളികളെ ഇലകളാൽ ഉമ്മ വച്ച് പൂക്കളുടെ അഴകോടെ അവ ഞങ്ങളിലെക്കെതിക്കും...ഇന്നും ആ മഴ മനസ്സിൽ പെയ്യും ഇടയ്ക്കിടെ...ഐ.ടി കമ്പനിയിലെ എ.സി റൂമിൽ തല വേദനിച് കണ്ണടച് ഇരിക്കുമ്പോൾ...
ആറു കൊല്ലം മുൻപ് "മിസ്സ്യൂൂ" പറഞ്ഞു പോയിട്ട് , എന്നെ മറന്നവരും..ഞാൻ മറന്നവരും....ഒന്ന് ചേർന്ന ദിവസം.... പൊടി മീശക്കാർ എല്ലാം യുവാക്കളായി...കുറച്ച പേർ ജോലി തേടുന്നു...കുറച്ച പേർ ജോലിക്കായി അലയുന്നു..പിണക്കങ്ങളും പരിഭവങ്ങളും തമാശകളും പങ്കു വച്ച് ഞങ്ങൾ അവിടെ കറങ്ങി നടന്നു..
                  സ്കൂൾ കെട്ടിടത്തിനു പിറകിലായിരുന്നു ആൺകുട്ടികളുടെ മൂത്രപ്പുര..എന്റെ കൂട്ടുകാരെല്ലാം അത് ഉപയോഗിച്ചപ്പോഴും അകത്തേക്ക് കയറാൻ എന്റെ മനസ് അനുവദിച്ചില്ല..ടി കമ്പനികളിൽ മൂന്നു നേരവും വൃത്തിയാക്കി ഇടുന്ന "Rest Room " കൾ ഉപയോഗിക്കുന്ന എനിക്ക് വൃത്തിഹീനമായ സ്കൂൾ ടോയലെറ്റ് അസഹനീയമായിരുന്നു..എന്റെ, കൂട്ടുകാർ, ഏതോ ഭീകര ജീവിയെ കാണുന്ന പോലെ എന്നെ നോക്കി..അവൻ വല്യ ആളായി പോയി എന്ന് ആരൊക്കെയോ പിറുപിറുത്തു.
പഠിക്കുന്ന കാലത്ത് ഞങ്ങളുടെ ഒരു വിഹാര കേന്ദ്രമായിരുന്നു സ്കൂളിന്റെ പിറകു വശത്തുള്ള രാമേട്ടന്റെ ചായക്കട. വീട്ടിൽ നിന്നും ഓരോ ആവശ്യങ്ങള പറഞ്ഞു വാങ്ങുന്ന ഒന്നും രണ്ടും രൂപയുടെ നാണയ തുട്ടുകൾ കൊണ്ട്, ഇടവേളകളിൽ ഞങ്ങൾ രാമേട്ടന്റെ കടയിലെക്കോടും..കൊച്ചു മക്കളുടെ വരവിനായി കാത്തിരിക്കുന്ന മുത്തശ്ശനെ പോലെ രാമേട്ടൻ ഞങ്ങളെ നോക്കി ഇരിക്കുന്നുണ്ടാകും.
                   രാമേട്ടനെ കാണാനായി ഞങ്ങൾ ചായക്കടയിലെത്തി..അദ്ദേഹം നന്നേ അവശനായിരിക്കുന്നു.എങ്കിലും ഇപ്പോഴും അദ്ദേഹം ആണ് ചായക്കട നടത്തുന്നത്.ചെന്നയുടനെ തന്നെ പൊറോട്ടയും ചിക്കൻ കറി യും കുറെ പ്ലേറ്റുകളിൽ ആയി നിരത്തി വയ്ക്കുവാൻ ഞങ്ങൾ പറഞ്ഞപ്പോൾ , രാമേട്ടന്റെ മുഖത്ത് മിന്നി മറഞ്ഞ ചിരിയിൽ ആറു കൊല്ലം മുൻപുള്ള ഞങ്ങളുടെ ലോകം ഞാൻ കണ്ടു..കൂട്ടി വച്ച കാശ്, പത്തു രൂപയോളം ആകുമ്പോൾ ഞങ്ങൾ നേരെ രാമേട്ടന്റെ കടയിൽ എത്തും.ചില്ലറ തുട്ടുകൾ സൂക്ഷ്മതയോടെ എണ്ണി രാമേട്ടന് കൊടുക്കുമ്പോൾ രാമേട്ടൻ 3 പൊറോട്ട ഒരു പ്ലേറ്റിലാക്കി അല്പം പഞ്ചസാരയും വിതറി തരുമായിരുന്നു..ചില ദിവസങ്ങളിൽ അല്പം ഉള്ളിക്കറിയും..പകുതി നിറഞ്ഞ വയറുമായി എഴുനേൽക്കുമ്പോൾ രാമേട്ടൻ ബാകി ഒരു രൂപ തിരികെ തരും.ആയിരത്തിന്റെ നോട്ടു വാങ്ങുന്ന ആവേശതോടെയായിരുന്നു അന്ന് അത് തിരികെ വാങ്ങിയിരുന്നത്.
            പൊറോട്ടയും ചിക്കൻ കറി യും കഴിച് കഴിഞ്ഞ് 500 ന്റെ ഒരു നോട്ട് എടുത്ത് ഞാൻ രാമേട്ടന് നേരെ നീട്ടി..ചില്ലറ ഇല്ലാത്തതിനാൽ ഒരു 3 രൂപ കൂടി തരാമോ എന്ന് രാമേട്ടൻ ചോദിച്ചു..പഴ്സിൽ മുഴുവൻ പരതിയ എനിക്ക് നാണയത്തുട്ടുകൾ ഒന്നും തന്നെ കണ്ടെത്താനായില്ല..അൻപതിന്റെയും നൂറിന്റെയും നോട്ടുകൾക്കിടയിൽ, നാണയ തുട്ടുകൾ പോക്കറ്റിൽ ആക്കി അവ ഉരസുന്ന ശബ്ദം കേൾക്കുന്നതിനെ ഞാൻ വെറുത്തിരുന്നു.."ചില്ലറ ഇല്ല രാമേട്ടാ.. , ബാകി രാമേട്ടന്റെ കയ്യിൽ വച്ചോളു.."അത്രയും പറഞ്ഞപോൾ രാമേട്ടൻ വീണ്ടും ചിരിച്ചു..വെറുതെ ചിരി മാത്രം..രാമേട്ടൻ എന്നെ അപമാനിക്കുന്നതായി എനിക്ക് തോന്നി..നാണയ തുട്ടുകളിൽ ഒന്നോ രണ്ടോ രൂപ കുറഞ്ഞതിനു എന്തിനാണ് ഇങ്ങനെയൊരു ഭാവം...
രാമേട്ടനെ സംബന്ധിച്ചിടത്തോളം ബാകി തരാനുണ്ടായിരുന്ന ഏഴ് രൂപ വലിയൊരു കടമായിരുന്നു..സ്കൂളിലെ കുട്ടികളെ ആകർഷിക്കാനായി വാങ്ങി വച്ചിരുന്ന ചെറിയ ക്രിസ്മസ് കാർഡുകളിൽ ഒരെണ്ണം രാമേട്ടൻ എനിക്ക് നേരെ നീട്ടി ..ചായക്കടയിലും ക്രിസ്മസ് കാർഡ് !!!!!!!!!
"വേണ്ട രാമേട്ടാ....."..സ്നേഹപൂർവ്വം ഞാനത് നിരസിച്ചു..വിപ്രോ യിൽ ക്രിസ്മസ് ഫ്രണ്ട് എനിക്ക് നൽകിയ 300 രൂപയുടെ ഗിഫ്റ്റ് അപ്പോഴും എന്റെ ബാഗിൽ ഇരിപ്പുണ്ടായിരുന്നു..പത്തു രൂപയുടെ കാർഡ് വാങ്ങി സുഹൃത്തിനു കൊടുക്കാൻ ഞാനിപ്പോഴും സ്കൂൾ കുട്ടിയല്ലെന്ന ബോധം പോലും മനുഷ്യന് ഇല്ലാതെ പോയി..ബാകി ഏഴ് രൂപ പിന്നീട് മതി എന്ന് പറഞ്ഞു ഞാൻ ജോലിക്കാരന്റെ പത്രാസിൽ പുറത്തേക്കിറങ്ങിയപ്പോൾ, ഏതോ വലിയൊരു കടം വീട്ടാൻ കഴിയാതെ ഭാരിച്ച മനസുമായി രാമേട്ടൻ ഞങ്ങളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.അയാളുടെ കണക്കുകൾ ചെറുതാണ്..നാണയ തുട്ടുകൾ കൂട്ടിപ്പെറുക്കി ജീവിതം കഴിക്കുകയാണ് അദ്ദേഹം.
                     കൂട്ടുകാരോട് യാത്ര പറഞ്ഞു തിരികെ വരാനായി ഞാൻ ബസിൽ കയറി.ടിക്കറ്റെടുത്ത് കഴിഞ്ഞ ശേഷം ബാകി ഒരു രൂപ തരാൻ ചില്ലറ ഇല്ലെന്നു കണ്ടക്ടർ പറഞ്ഞപോഴും ഞാൻ കുഴപമില്ല എന്ന് അഭിമാനത്തോടെ പറഞ്ഞു.അപ്പോഴും എന്റെ അപ്പുറത്തിരിക്കുന്ന സ്കൂൾ കുട്ടി രണ്ടു രൂപ കൊടുത്തതിന്റെ ബാകിയായ ഒരു രൂപയ്ക്കായി ബസിൽ തർക്കിക്കുകയായിരുന്നു..ഞാനും ചിരിച്ചു..രാമേട്ടനെ പോലെ..എന്നെ തന്നെ നോക്കി..വീണ്ടും ചിരിച്ചു..ചിലപ്പോൾ കണ്ണാടി ഇല്ലാതെയും നമുക്ക് നമ്മളെ തന്നെ കാണാൻ കഴിയും എന്ന് അമ്മ ഒരിക്കൽ പറഞ്ഞു തന്നത് ഇതാകുമോ? അമ്മയും അച്ഛനും രാമേട്ടനും എല്ലാം ഒരുപോലെയാണ്...നാണയ തുട്ടുകളിൽ ജീവിതം കാണുന്നവർ....

Wednesday, 12 August 2015

അത്രയും സ്നേഹിച്ചിരുന്നു....

  ഓർമകളിൽ തെളിയാത്ത ഏതോ ഒരു ദിവസമാണ് ഞാൻ അവളോട് പറഞ്ഞത്,എപ്പോഴോ നിന്നെ ഞാൻ ഇഷ്ടപ്പെട്ടു പോയി എന്ന് .അവൾ മറുപടി ആയി ഒന്നും പറഞ്ഞില്ല. വെറുതെ ചിരിച്ചു.അവളുടെ മറുപടി എപ്പോഴും ചിരിയിലായിരുന്നു. ഒരിക്കലെങ്കിലും അവൾ ഇഷ്ടമാണെന്ന് പറയുമെന്ന് ഞാൻ വെറുതെ ആശിച്ചിരുന്നു.പക്ഷെ അവൾ എപ്പോഴും ചിരി മാത്രം എനിക്ക് സമ്മാനമായി തന്നു.

രാവിലെ എഴുന്നേറ്റ് കവലയിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് അവളുടെ ചിരി  മനസിലേക്ക് വന്നത്.അതിനു കാരണവും ഉണ്ട്. പുറത്തേക്ക് പോകാൻ ഇറങ്ങ്യപോഴാണ് അമ്പലത്തിൽ നിന്നും തിരികെ എത്തിയ അമ്മ എന്റെ നെറ്റിയിൽ ചന്ദനക്കുറി ഇട്ടു തന്നത്.ചന്ദനക്കുറി തൊടുന്നത് അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അമ്പല മുറ്റത്തെ ആലിന്റെ ചുവട്ടിൽഎന്നും ഞങ്ങൾ പോകുമായിരുന്നു.അരയാലിന്റെ കൊമ്പിലിരിക്കുന്ന അമ്പലപ്രാവുകൾ കുറുകുന്ന സംഗീതത്തിൽ അവളെന്നെ തൊടുകുറി അണിയിച്ചിരുന്നു.ഇന്ന് ഓർകുമ്പോൾ ഒരു പൈങ്കിളി പ്രണയമായി തോന്നുമെങ്കിലും അവളുടെ വിരൽ എന്റെ നെറ്റിയിൽ ചന്ദനം ചാർത്തി തരുന്നത് അവളുടെ അവകാശമായി അവൾ കരുതിയിരുന്നു.പറയാതെ പ്രണയം എന്നിലേക്ക് മഴയായി പെയ്തിറങ്ങി.

ഇടവപ്പാതി പെയ്തൊഴിയാതെ മുറ്റം നിറച്ചു കൊണ്ടിരുന്നപോഴാണ് എന്റെ ഒരു സുഹൃത്ത് എന്നെ വിളിച് പറഞ്ഞത്  "വിഷ്ണു...അവള്ടെ കല്യാണം തീരുമാനമായി എന്ന് ആരോ പറഞ്ഞെടാ".....ആകാശത്ത് മിന്നിയ കൊള്ളിയാൻ ഒരു നിമിഷം എന്റെ പ്രാണനിലൂടെ ആഴ്ന്നിറങ്ങി.

കോരിച്ചൊരിയുന്ന മഴ ഞാൻ കണ്ടില്ല.അമ്മയുടെ പിൻവിളിയും ഞാൻ കേട്ടില്ല.. കാലുകളേക്കാൾ വേഗതയായിരുന്നു എന്റെ മനസിന്‌..പതിവ് പോലെ അമ്പല മുറ്റത്തെ ആൽത്തറയിൽ ഞാൻ എത്തിയിരിക്കുന്നു. അവൾ വരും....എനിയ്ക്ക് ഉറപ്പാണ്‌..ആലിലയിൽ നിന്നും മഴത്തുള്ളികൾ ഇറ്റിറ്റ് വീണു കൊണ്ടിരുന്നു.ഇളം കാറ്റിൽ മുല്ലപ്പൂവിന്റെ മണം വന്നപ്പോൾ ഞാൻ കണ്ണ് തുറന്നു.ഉള്ളം കൈയ്യിൽ ചന്ദനവുമായി അവൾ ചിരിച്ചു.ദേഷ്യവും നിരാശയും കലർന്ന എന്റെ പല ചോദ്യങ്ങൾക്കും അവൾ ചിരിക്കുക മാത്രമേ ചെയ്തുള്ളൂ..ഒരു അവസാന വാക്കിനായി ഞാൻ അവളുടെ ചിരിയെ പോലും വെറുത്തു.

"വിഷ്ണു....നിന്റെ ജീവിതം നിന്റെ കൈപ്പിടിയിലെക്കെത്തുമ്പോൾ എന്റെ ജീവിതം വിവാഹവും കഴിഞ്ഞ് മാതൃത്വവും ആയിരിക്കും.. നീ ഇഴനെയ്തെടുക്കുന്ന ജീവിതത്തിൽ അമ്മയ്ക്കും അനുജത്തിക്കും ഒരു പ്രതീക്ഷ ഉണ്ട്.അത് നീ നിറവേറ്റി എനിയ്ക്കായി വരുമ്പോഴെക്ക് എന്നെ നിർത്താൻ അവർ തയ്യാറാകില്ല..

വഞ്ചകി... അവൾ പറഞ്ഞതൊന്നും സത്യത്തിൽ എനിയ്ക്ക് മനസിലായില്ല. പക്ഷെ ഒന്ന് മാത്രം മനസിലായി...ഭംഗിയായി അവൾ എന്നെ വഞ്ചിച്ചു..ആലിൻ കൊമ്പിലിരിക്കുന്ന പ്രാവുകൾ അപ്പോഴും കുറുകി.എന്നെ കളിയാക്കുവാൻ.ഭൂമി പിളർന്നിരിക്കുന്നു.അവൾ എന്നെ പാതാളതിലെക്ക് ചവിട്ടി താഴ്ത്തി.തീഗോളങ്ങൾ പെയ്യുന്നു.എന്റെ ശരീരം ചുട്ടു പൊള്ളുന്നു.രക്തം മരവിക്കുന്നു..ഞാൻ മരിയ്ക്കുകയാണ്.ഭൂമിയിൽ പെണ്ണിന്റെ വഞ്ചനയുടെ ഒടുവിലത്തെ ഇര.

വർഷങ്ങൾ കൊഴിഞ്ഞ് വീണു. അന്ന് അവൾ പറഞ്ഞ വാക്കുകളുടെ അർഥം എനിയ്ക്കിന്ന് മനസിലായി.ഡിഗ്രി കഴിഞ്ഞ് ജോലി ഇല്ലാതെ അലഞ്ഞത് 2 വർഷം. ജോലി നേടി ജീവിതം കൈപ്പിടിയിലൊതുക്കാൻ വീണ്ടും 2 വർഷം. അനുജത്തിയേം കല്യാണം കഴിപ്പിച് കുടുംബ ഭാരം ചുമലിലേറ്റി ഞാൻ തിരഞ്ഞപ്പോൾ, അവൾക്ക് ചുമലിലേറ്റി നടക്കാൻ കിട്ടിയത് ഒരു കുസൃതി കുരുന്നിനെയാണ്.സമപ്രായക്കാരനായ എന്നെ അവൾ ഇഷ്ടമാണെന്ന് പറയഞ്ഞതിന്റെ കാരണവും എനിയ്ക്കിന്ന് മനസിലായി. അവൾ എനിയ്ക്ക് നല്കിയ വലിയൊരു പാഠം. പക്ഷെ എന്റെ മനസ്സിൽ വളർന്ന ഇഷ്ടത്തെ അവള്ക്ക് തടയാമായിരുന്നു.

പതിവ് പോലെ അമ്പല മുറ്റത് ഇരുന്നപ്പോൾ അപ്രതീക്ഷിതമായി അവൾ, ഭർത്താവുമായി അവിടെ വന്നിറങ്ങി. എന്റെ മനസ്സിൽ തീക്കനൽ കോരി ഇട്ടതു പോലൊരു തോന്നൽ. എന്നെങ്കിലും ഒരു കൂടിക്കാഴ്ച ഉണ്ടാകും എന്നറിയാമായിരുന്നു..പക്ഷെ.....

അവൾ എന്നെ കണ്ടു.ഒരു നിമിഷം..അവൾ എന്റെ അരികിലേക്ക് വന്നു..അവൾ ആകെ മാറിയിരിക്കുന്നു..ഒരു നാല് വയസുകാരന്റെ അമ്മ..അവൾ എന്നെ നോക്കി ചിരിച്ചു...ഭാഗ്യം..ചിരി മാത്രം മാറിയിട്ടില്ല..എന്റെ മനസിലെ തീക്കനലിലെക്ക് ഒരു ഇടവപ്പാതി.." ഞാൻ ചതിച്ചു എന്ന് ഇഉപൊഴും നിനക്ക് തോന്നുന്നുണ്ടോ? " ഞാൻ ഒന്നും മിണ്ടിയില്ല..അവൾ വീണ്ടും ചിരിച്ചു..പിന്നെ പിറകിലേക്ക് നടന്നു.."വിഷ്ണു....." അവൾ വിളിച്ചു..ഞാൻ തല ഉയർത്തി നോക്കി . പക്ഷെ എനിയ്ക്ക് പകരം കേട്ടത് എന്റെ പേരുള്ള അവളുടെ മകനായിരുന്നു..അടുത്തേക്ക് വന്ന മകനെ അവൾ കൈയ്യിൽ എടുത്തു..വിഷ്ണു വിന്റെ നെറ്റിയിൽ അവൾ സ്നേഹത്തോടെ ഒരുമ്മ കൊടുത്തു.. എന്റെ നെറ്റിയിൽ അണിഞ്ഞിരുന്ന ചന്ദനക്കുറിയിൽ ഒരു തണുപ്പ് പടരുന്നത് ഞാനറിഞ്ഞു...