Wednesday, 12 August 2015

അത്രയും സ്നേഹിച്ചിരുന്നു....

  ഓർമകളിൽ തെളിയാത്ത ഏതോ ഒരു ദിവസമാണ് ഞാൻ അവളോട് പറഞ്ഞത്,എപ്പോഴോ നിന്നെ ഞാൻ ഇഷ്ടപ്പെട്ടു പോയി എന്ന് .അവൾ മറുപടി ആയി ഒന്നും പറഞ്ഞില്ല. വെറുതെ ചിരിച്ചു.അവളുടെ മറുപടി എപ്പോഴും ചിരിയിലായിരുന്നു. ഒരിക്കലെങ്കിലും അവൾ ഇഷ്ടമാണെന്ന് പറയുമെന്ന് ഞാൻ വെറുതെ ആശിച്ചിരുന്നു.പക്ഷെ അവൾ എപ്പോഴും ചിരി മാത്രം എനിക്ക് സമ്മാനമായി തന്നു.

രാവിലെ എഴുന്നേറ്റ് കവലയിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് അവളുടെ ചിരി  മനസിലേക്ക് വന്നത്.അതിനു കാരണവും ഉണ്ട്. പുറത്തേക്ക് പോകാൻ ഇറങ്ങ്യപോഴാണ് അമ്പലത്തിൽ നിന്നും തിരികെ എത്തിയ അമ്മ എന്റെ നെറ്റിയിൽ ചന്ദനക്കുറി ഇട്ടു തന്നത്.ചന്ദനക്കുറി തൊടുന്നത് അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അമ്പല മുറ്റത്തെ ആലിന്റെ ചുവട്ടിൽഎന്നും ഞങ്ങൾ പോകുമായിരുന്നു.അരയാലിന്റെ കൊമ്പിലിരിക്കുന്ന അമ്പലപ്രാവുകൾ കുറുകുന്ന സംഗീതത്തിൽ അവളെന്നെ തൊടുകുറി അണിയിച്ചിരുന്നു.ഇന്ന് ഓർകുമ്പോൾ ഒരു പൈങ്കിളി പ്രണയമായി തോന്നുമെങ്കിലും അവളുടെ വിരൽ എന്റെ നെറ്റിയിൽ ചന്ദനം ചാർത്തി തരുന്നത് അവളുടെ അവകാശമായി അവൾ കരുതിയിരുന്നു.പറയാതെ പ്രണയം എന്നിലേക്ക് മഴയായി പെയ്തിറങ്ങി.

ഇടവപ്പാതി പെയ്തൊഴിയാതെ മുറ്റം നിറച്ചു കൊണ്ടിരുന്നപോഴാണ് എന്റെ ഒരു സുഹൃത്ത് എന്നെ വിളിച് പറഞ്ഞത്  "വിഷ്ണു...അവള്ടെ കല്യാണം തീരുമാനമായി എന്ന് ആരോ പറഞ്ഞെടാ".....ആകാശത്ത് മിന്നിയ കൊള്ളിയാൻ ഒരു നിമിഷം എന്റെ പ്രാണനിലൂടെ ആഴ്ന്നിറങ്ങി.

കോരിച്ചൊരിയുന്ന മഴ ഞാൻ കണ്ടില്ല.അമ്മയുടെ പിൻവിളിയും ഞാൻ കേട്ടില്ല.. കാലുകളേക്കാൾ വേഗതയായിരുന്നു എന്റെ മനസിന്‌..പതിവ് പോലെ അമ്പല മുറ്റത്തെ ആൽത്തറയിൽ ഞാൻ എത്തിയിരിക്കുന്നു. അവൾ വരും....എനിയ്ക്ക് ഉറപ്പാണ്‌..ആലിലയിൽ നിന്നും മഴത്തുള്ളികൾ ഇറ്റിറ്റ് വീണു കൊണ്ടിരുന്നു.ഇളം കാറ്റിൽ മുല്ലപ്പൂവിന്റെ മണം വന്നപ്പോൾ ഞാൻ കണ്ണ് തുറന്നു.ഉള്ളം കൈയ്യിൽ ചന്ദനവുമായി അവൾ ചിരിച്ചു.ദേഷ്യവും നിരാശയും കലർന്ന എന്റെ പല ചോദ്യങ്ങൾക്കും അവൾ ചിരിക്കുക മാത്രമേ ചെയ്തുള്ളൂ..ഒരു അവസാന വാക്കിനായി ഞാൻ അവളുടെ ചിരിയെ പോലും വെറുത്തു.

"വിഷ്ണു....നിന്റെ ജീവിതം നിന്റെ കൈപ്പിടിയിലെക്കെത്തുമ്പോൾ എന്റെ ജീവിതം വിവാഹവും കഴിഞ്ഞ് മാതൃത്വവും ആയിരിക്കും.. നീ ഇഴനെയ്തെടുക്കുന്ന ജീവിതത്തിൽ അമ്മയ്ക്കും അനുജത്തിക്കും ഒരു പ്രതീക്ഷ ഉണ്ട്.അത് നീ നിറവേറ്റി എനിയ്ക്കായി വരുമ്പോഴെക്ക് എന്നെ നിർത്താൻ അവർ തയ്യാറാകില്ല..

വഞ്ചകി... അവൾ പറഞ്ഞതൊന്നും സത്യത്തിൽ എനിയ്ക്ക് മനസിലായില്ല. പക്ഷെ ഒന്ന് മാത്രം മനസിലായി...ഭംഗിയായി അവൾ എന്നെ വഞ്ചിച്ചു..ആലിൻ കൊമ്പിലിരിക്കുന്ന പ്രാവുകൾ അപ്പോഴും കുറുകി.എന്നെ കളിയാക്കുവാൻ.ഭൂമി പിളർന്നിരിക്കുന്നു.അവൾ എന്നെ പാതാളതിലെക്ക് ചവിട്ടി താഴ്ത്തി.തീഗോളങ്ങൾ പെയ്യുന്നു.എന്റെ ശരീരം ചുട്ടു പൊള്ളുന്നു.രക്തം മരവിക്കുന്നു..ഞാൻ മരിയ്ക്കുകയാണ്.ഭൂമിയിൽ പെണ്ണിന്റെ വഞ്ചനയുടെ ഒടുവിലത്തെ ഇര.

വർഷങ്ങൾ കൊഴിഞ്ഞ് വീണു. അന്ന് അവൾ പറഞ്ഞ വാക്കുകളുടെ അർഥം എനിയ്ക്കിന്ന് മനസിലായി.ഡിഗ്രി കഴിഞ്ഞ് ജോലി ഇല്ലാതെ അലഞ്ഞത് 2 വർഷം. ജോലി നേടി ജീവിതം കൈപ്പിടിയിലൊതുക്കാൻ വീണ്ടും 2 വർഷം. അനുജത്തിയേം കല്യാണം കഴിപ്പിച് കുടുംബ ഭാരം ചുമലിലേറ്റി ഞാൻ തിരഞ്ഞപ്പോൾ, അവൾക്ക് ചുമലിലേറ്റി നടക്കാൻ കിട്ടിയത് ഒരു കുസൃതി കുരുന്നിനെയാണ്.സമപ്രായക്കാരനായ എന്നെ അവൾ ഇഷ്ടമാണെന്ന് പറയഞ്ഞതിന്റെ കാരണവും എനിയ്ക്കിന്ന് മനസിലായി. അവൾ എനിയ്ക്ക് നല്കിയ വലിയൊരു പാഠം. പക്ഷെ എന്റെ മനസ്സിൽ വളർന്ന ഇഷ്ടത്തെ അവള്ക്ക് തടയാമായിരുന്നു.

പതിവ് പോലെ അമ്പല മുറ്റത് ഇരുന്നപ്പോൾ അപ്രതീക്ഷിതമായി അവൾ, ഭർത്താവുമായി അവിടെ വന്നിറങ്ങി. എന്റെ മനസ്സിൽ തീക്കനൽ കോരി ഇട്ടതു പോലൊരു തോന്നൽ. എന്നെങ്കിലും ഒരു കൂടിക്കാഴ്ച ഉണ്ടാകും എന്നറിയാമായിരുന്നു..പക്ഷെ.....

അവൾ എന്നെ കണ്ടു.ഒരു നിമിഷം..അവൾ എന്റെ അരികിലേക്ക് വന്നു..അവൾ ആകെ മാറിയിരിക്കുന്നു..ഒരു നാല് വയസുകാരന്റെ അമ്മ..അവൾ എന്നെ നോക്കി ചിരിച്ചു...ഭാഗ്യം..ചിരി മാത്രം മാറിയിട്ടില്ല..എന്റെ മനസിലെ തീക്കനലിലെക്ക് ഒരു ഇടവപ്പാതി.." ഞാൻ ചതിച്ചു എന്ന് ഇഉപൊഴും നിനക്ക് തോന്നുന്നുണ്ടോ? " ഞാൻ ഒന്നും മിണ്ടിയില്ല..അവൾ വീണ്ടും ചിരിച്ചു..പിന്നെ പിറകിലേക്ക് നടന്നു.."വിഷ്ണു....." അവൾ വിളിച്ചു..ഞാൻ തല ഉയർത്തി നോക്കി . പക്ഷെ എനിയ്ക്ക് പകരം കേട്ടത് എന്റെ പേരുള്ള അവളുടെ മകനായിരുന്നു..അടുത്തേക്ക് വന്ന മകനെ അവൾ കൈയ്യിൽ എടുത്തു..വിഷ്ണു വിന്റെ നെറ്റിയിൽ അവൾ സ്നേഹത്തോടെ ഒരുമ്മ കൊടുത്തു.. എന്റെ നെറ്റിയിൽ അണിഞ്ഞിരുന്ന ചന്ദനക്കുറിയിൽ ഒരു തണുപ്പ് പടരുന്നത് ഞാനറിഞ്ഞു...

 

 

 

Wednesday, 25 March 2015

ഒറ്റനാണയം...

ഓഫീസിലേക്ക്  പോകുന്ന വഴിയരികിൽ ഞാൻ ദിവസേന കാണുന്ന കാഴ്ചകളിൽ ഒന്നായിരുന്നു ആ ഭ്രാന്തൻ. വർഷങ്ങളായി റോഡരുകിൽ അയാൾ ഭിക്ഷയാചിക്കുന്നു. മാനസികനില  തെറ്റിയ അയാൾക്ക് ഭിക്ഷ നൽകാൻ പലരും മടിച്ചിരുന്നു. എങ്കിലും അയാൾ അവിടെത്തന്നെ ഉണ്ടായിരുന്നു. എൻറെ സമ്പാദ്യത്തിൽ   നിന്നും ദിവസേനെ ഒരു ഒറ്റനാണയം   ആ ഭ്രാന്തനായി മാറ്റി വയ്ക്കാൻ ഞാനും മറന്നിരുന്നില്ല.

എല്ലാവരും ഭ്രാന്തൻ എന്ന് വിളിച്ചിരുന്നു എങ്കിലും ഒരിക്കലും അയാളെ മാനസികനില  തെറ്റി എന്തും ചെയ്യുന്ന അവസ്ഥയിൽ ആരും കണ്ടിട്ടില്ല. പിന്നെ എന്തിനാണാവോ സമൂഹം ഇങ്ങനെ ഒരു പേര് കൽപ്പിച്ചു നൽകിയിരിക്കുന്നത്‌... എന്തായാലും അതൊന്നും ആലോചിക്കേണ്ട ആവശ്യം എനിക്കില്ല... ദിവസേനെ എറിഞ്ഞു കൊടുക്കുന്ന ഈ ഒറ്റനാണയത്തിൽ  എൻറെ കർത്തവ്യം കഴിഞ്ഞിരുന്നു.

ഒരു ദിവസം ഞാൻ പതിവു പോലെ ഓഫീസിലേക്ക്  നടന്നു പോകുമ്പോൾ ആ ഭ്രാന്തനോടൊപ്പം ഒരു കുഞ്ഞിനെയും കണ്ടു. ഏകദേശം മൂന്നുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ്.  ഒരു പക്ഷെ ഭ്രാന്തന്റെ കുഞ്ഞയിരിക്കുമോ..? അറിയില്ല..  പതിവു പോലെ ആ ഒറ്റനാണയവും  വലിച്ചെറിഞ്ഞ് ഞാൻ നടന്നകന്നു. പക്ഷെ എൻറെ മനസ്സിൽ നിന്നും ആ കുട്ടിയുടെ മുഖം മാറുന്നുണ്ടായിരുന്നില്ല. .. ഒരായിരം ചോദ്യങ്ങളാൽ മനസ് അസ്വസ്ഥമാകുന്നു.... ആ കുഞ്ഞ് അയാളുടെതാകുമോ ..?  ഇങ്ങനെയുള്ള ഒരാൾ എങ്ങനെയാണു ആ പിഞ്ചുകുഞ്ഞിനെ വളർത്തുക..?? വർഷങ്ങളായി ദിവസേന ആ തെരുവിൽ കാണപ്പെടുന്ന ആളാണ് ആ ഭ്രാന്തൻ. അങ്ങനെയുള്ള അയാൾക്ക് എങ്ങനെയാണ് പെട്ടെന്നൊരു ദിവസം ഒരു കുഞ്ഞിനെ കിട്ടുന്നത്..??

പിറ്റേ ദിവസവും ഞാൻ ആ കുഞ്ഞിനെയും ഭ്രാന്തനെയും കണ്ടു. അയാളുടെ അരികിലായി പൊടിപിടിച്ച തറയിൽ ആ കുഞ്ഞു കിടന്നുരുളുന്നു. അത് ശ്രദ്ധിക്കാൻ പോലും അയാൾ തയ്യാറാകുന്നില്ല.  തന്റെ മുന്നിലേക്ക് വീഴുന്ന നാണയങ്ങളിലും നോക്കി നിശബ്ദനായി അയാൾ ഇരിക്കുന്നു. ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു. എവിടെ നിന്നാണ് ഈ കുഞ്ഞെന്ന് ചോദിച്ചപ്പോൾ അയാൾ നിശബ്ധമായി തന്നെ ഇരുന്നു.
   
ചോദിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലെന്ന് മനസിലാക്കിയ ഞാൻ അല്പ്പം ദെഷ്യത്തോട് തന്നെ എഴുന്നേറ്റ് നടന്നു. ഓഫീസിൽ എത്തിയപോഴും ആ കുഞ്ഞിനെ പറ്റി തന്നെ ആയിരുന്നു എന്റെ ചിന്ത. ഒടുവിൽ സഹപ്രവർത്തകര്ക്    മുൻപിൽ ഞാൻ ഈ വിഷയം അവതരിപ്പിച്ചു. അപ്പോൾ അവരാണ് പറഞ്ഞത് , ഇങ്ങനെ ഭിക്ഷടകരെ വച്ച് പൈസ  പിരിക്കാൻ സംഘങ്ങൾ  ഉണ്ടെന്നും, കിട്ടുന്ന പൈസയുടെ അളവ് കുറയുമ്പോൾ, എവിടുന്നെങ്കിലും തട്ടികൊണ്ട് വരുന്ന പിഞ്ചു കുഞ്ഞുങ്ങളെയും ഇങ്ങനെ  തെരുവിലിറക്കി   സമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റി അവർ പണമുണ്ടാകും എന്നും. രണ്ടു നേരത്തെ ഭക്ഷണം മാത്രമാണ് ഭിക്ഷക്കാർക്ക് ലഭിക്കുന്നത്. ബാക്കി എല്ലാം ഇടനിലക്കാർ കൊണ്ട് പോകുന്നു. ഭക്ഷണവും പരിചരണവും ലഭിക്കാതെ ആ കുഞ്ഞു മരിയ്ക്കും അപ്പോഴേക്കും ഇടനിലക്കാർ വേറൊരു കുഞ്ഞിനെ എത്തിയ്ക്കുമത്രേ ...

എങ്ങനെയെങ്കിലും ആ കുഞ്ഞിനെ രക്ഷിക്കണം.. അത് മാത്രമായി എന്റെ ചിന്ത. ആ കുഞ്ഞിനെ രക്ഷിച്ചു ഏതെങ്കിലും അനാഥാലയത്തിൽ ഏൽപ്പിക്കാം. അതും മനസ്സിൽ ഉറപ്പിച്ചാണ്  ഞാൻ പിറ്റേ ദിവസം അവിടെ എത്തിയത്. പക്ഷെ ഞാൻ ഞെട്ടി പോയി.. അവിടെ ആ ഭ്രാന്തൻ മാത്രമേ ഉണ്ടായിരുന്നുള്ളു. എവിടെ ആ കുഞ്ഞ്..???? അശ്രദ്ധമായി നിലത്തു കിടന്നിരുന്ന ആ കുഞ്ഞിനെ ആരെങ്കിലും എടുത്തുകൊണ്ടു പോയി കാണുമോ??  ഞാൻ ആകെ പരിഭ്രമിച്ചു.

ആ ഭ്രാന്തനെ ഞാൻ ഒരുപാടു  ചോദ്യം ചെയ്തു. പക്ഷെ അയാൾക്ക് ഉത്തരം ഉണ്ടായിരുന്നില്ല. അയാൾ വീണ്ടും ഭിക്ഷ യാചിക്കുകയാണ്.  ഒരു പക്ഷെ എന്നെ പോലെ ഏതെങ്കിലും മനുഷ്യസ്നേഹി  വന്നു രക്ഷിചിട്ടുണ്ടാകാം.. എന്തായാലും ആശ്വാസമായി. ഒരു കുഞ്ഞെങ്കിലും രക്ഷപട്ടെല്ലോ ..  നിറഞ്ഞ മനസോടെ ഞാൻ തിരികെ നടക്കാൻ തുടങ്ങി..  അലസമായി തെരുവിന്റെ പല ദിശയിലേക്കും നോക്കിയ ഞാൻ  ഞെട്ടിപ്പോയി.. കുറേ തെരുവുപട്ടികൾ, മാംസകഷ്ണങ്ങൾക്കായി കടിപിടികൂടുന്നു... കൈയ്യിൽ  കിട്ടിയ ഒരു വലിയ കഷ്ണവുമായി ഒരു പട്ടി ഓടി മറയുന്നു. ആ പട്ടിയുടെ വായിലെ മാംസകഷ്ണത്തിൽ നിന്നും കാണപ്പെട്ട അഞ്ചു പിഞ്ചു വിരലുകൾ, എന്നെ നോക്കി കൈവീശുന്നുണ്ടോ??

ഒരു അവസാന ശ്രമം....






Friday, 23 January 2015

എനിയ്ക്ക് തണുക്കുന്നു........


  പുതച്ചിരുന്ന കമ്പിളിപുതപ്പ് കൊണ്ടു കൂടാരം തീർക്കുക എന്നതു എൻറെ ഒരു വിനോദമായിരുന്നുഅമ്മയോട് ചേർന്ന് കിടക്കുമ്പോൾ കൂടാരത്തിന്റെ കീഴിൽ , അമ്മയുടെ നിശ്വാസത്തിന്റെ ചൂടിൽ പതിയെ ഞാൻ ഉറങ്ങും.എങ്കിലും ഉറങ്ങും മുൻപ് ഞാൻ പരാതി പറയും, "അമ്മെ എനിക്ക് തണുക്കുന്നു. . ." അത് കേൾക്കുമ്പോൾ അമ്മ എൻറെ മുഖം അമ്മയോട് ചേർത്തുപിടിച്ചു കിടക്കും.
വേനലവധിക്ക് സ്കൂൾ അടച്ചപ്പോൾ ഞാൻ ഓടി കിതച്ചാണ്വീട്ടിലേക്ക് വന്നത്പുസ്തകസഞ്ചി വരാന്തയിൽ  ഇരുന്ന ചേച്ചിയുടെ ദേഹത്തേക്ക്  വലിച്ചെറിഞ്ഞ്, ചായ കുടിക്കാനായി അടുക്കളയിലേക്ക്  ഓടിക്കയറുമ്പോൾ  അമ്മയെ കാണുന്നുണ്ടായിരുന്നില്ല.   സ്കൂളിൽ നിന്നും വരുമ്പോൾ ചായയും പലഹാരവും പതിവുള്ളതാണ്. അമ്മ എവിടെ പോയി..???

എന്തൊക്കയോ മാറ്റങ്ങൾ... പുസ്തകസഞ്ചി വലിച്ചെറിയുന്നതിനു  പതിവായി തല്ലാൻ  വരാറുള്ള  ചേച്ചിയും  ഒന്നും മിണ്ടിയില്ല.  അമ്മയുടെ മുറിയിലേക്ക് ഞാൻ നടന്നുചെന്നുഅമ്മ ഉറങ്ങുകയാണ്‌. പെട്ടെന്ന് ചേച്ചി വന്ന് എന്നെ പുറത്തേക്കു കൂട്ടികൊണ്ട് പോയി. അടുക്കളയിൽ നിന്ന് ഒരു ഗ്ലാസ്ചായയും കുറച്ചു പലഹാരങ്ങളും കൊണ്ടു തന്നു. "നീ ഇത് കഴിച്ചിട്ട്, കളിയ്ക്കാൻ പൊയ്ക്കോളൂ.. അമ്മ ഉറങ്ങിക്കൊള്ളട്ടെ" .. ചേച്ചിയും അല്പം ഗൗരവത്തിൽ ആയിരുന്നു. "അച്ഛൻ വന്നിരുന്നു അല്ലെ?? "  എൻറെ ചോദ്യത്തിനു ചേച്ചി ഉത്തരം തന്നില്ല. അത് മനസിലാക്കാൻ എനിക്ക് ആ ഉത്തരവും ആവശ്യമായിരുന്നില്ല !!! അച്ഛൻ വരുമ്പോൾ മാത്രമേ ഇങ്ങനെ ഒരു അന്തരീക്ഷം ഞാൻ വീട്ടിൽ കണ്ടിട്ടുള്ളു..
അച്ഛനെയും അമ്മയെയും ഒരിക്കലും ഞാൻ സന്തോഷത്തോടെ കണ്ടിട്ടില്ല. അവർ തമ്മിൽ എന്തൊക്കയോ പ്രശ്നങ്ങൾ ഉണ്ടെന്നു മാത്രം അറിയാം. അതും, ചെറിയമ്മ ആരോടോ പറയുന്നത് കേട്ടതാണ്.അതിനൊക്കെ എൻറെ കുഞ്ഞു മനസിന്ദഹിക്കാത്ത കുറെ കാരണങ്ങളും ചെറിയമ്മ പറയുന്നത് ഞാൻ കേട്ടു. ഒരിക്കൽ ഞാനതു ചേച്ചിയോട് ചോദിച്ചു, ചേച്ചിയും ഒഴിഞ്ഞു മാറി.
         കുറെ കാലമായി അച്ഛൻ മറ്റെവിടയോ ആണ് താമസിക്കുന്നത്, ഇടയ്ക്ക് വീട്ടിൽ വരും, അമ്മയോട് കുറെ ഉച്ചത്തിൽ സംസാരിക്കും, ഒടുവിൽ ദേഷ്യപ്പെട്ട് ഇറങ്ങി പോകും.
ചേച്ചി സന്ധ്യാദീപം തെളിയിക്കുമ്പോഴും അമ്മ എഴുന്നേറ്റിരുന്നില്ല. അമ്മയുടെ പ്രതികരണം എനിക്ക് തികച്ചും അപരിചിതമായിരുന്നു. ഞാൻ പതുക്കെ അമ്മയുടെ മുറിയിലേക്ക് ചെന്നു. അമ്മ അപ്പോഴും കിടക്കുകയാണ്. ഞാൻ പതിയെ അടുത്തേക്കു ചെന്നു, അമ്മയുടെ വയറിൽ പതിയെ പതിയെ കൈ കൊണ്ടു തടവി. എനിക്ക് വിശക്കുന്നു എന്നതിന് ഞാൻ അമ്മയ്ക്കു കൊടുക്കാറുള്ള സൂചന. അത് മനസിലാക്കിയിട്ടാകണം അമ്മ ഒന്നും പറയാതെ എഴുന്നേറ്റ് അടുക്കളയിലേക്കു പോയി. എനിക്ക് കരച്ചിൽ വന്നു. ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല. ഞാൻ അമ്മയോടൊപ്പം അടുക്കളയിലേക്കു ചെന്നു.
അമ്മ ചപ്പാത്തി ഉണ്ടാക്കാൻ തുടങ്ങുകയായിരുന്നു.ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്ന് ഒരു സ്ലാബിൽ കയറി ഇരുന്നു.അമ്മ വീണ്ടും മൗനത്തിൽ തന്നെ.ഇങ്ങനെ ഇരിയ്ക്കുമ്പോൾ സാധാരണ, സ്കൂളിൽ നടന്ന ചെറിയ കാര്യങ്ങൾ പോലും ഞാൻ അമ്മയോട് പറയാറുണ്ടായിരുന്നു.എല്ലാം അമ്മ പുഞ്ചിരിയോടെ കേൾക്കും.അവസാനം ചോറും വാരി തന്ന് എന്നെ അടുത്തു കിടത്തി ഉറക്കും. കൂടാരത്തിനുള്ളിൽ, വേനൽക്കാലത്തും ഞാൻ അമ്മയോട് പറയും "എനിക്ക് തണുക്കുന്നു..." വെറുതെ.... അമ്മ എന്നെ ചേർത്ത് കിടത്താൻ വേണ്ടി മാത്രം.പക്ഷെ, അമ്മയ്ക്ക് എന്തോ സംഭവിച്ചിരിക്കുന്നു. ഉറങ്ങാൻ കിടന്നപ്പോഴും, തലയിലൂടെ പുതപ്പ് മൂടി ഞാൻ അമ്മയോട് പറഞ്ഞു."എനിക്ക് തണുക്കുന്നു,..." അമ്മ അപ്പോഴും എന്നെ ചേർത്ത് പിടിച്ചു.പക്ഷെ അന്നാദ്യമായി ഞാൻ അതിൽ ഞെരിഞ്ഞമാരുന്നത് പോലെ തോന്നി.
വേനലവധി ആയതിനാൽ അതിരാവിലെ തന്നെ ഞാൻ എഴുനേറ്റ് അമ്പലമുറ്റത്തെ മൈതാനിയിൽ ക്രിക്കറ്റ്കളിക്കാനായി പോയി.നേരം വൈകും വരെയും ഞാൻ കൂട്ടുകാരോടൊപ്പം കറങ്ങി നടന്നു. അന്തിവെയിൽ ചാഞ്ഞു തുടങ്ങിയപ്പോഴാണ് വീട്ടിൽ പോകണം എന്നോർത്തത്.അമ്മ ഇപ്പോൾ എന്നെ കാത്ത് പടിപ്പുരയിൽ നിൽക്കുന്നുണ്ടാകും. അമ്മയോട് പറയാൻ കുറേ കള്ളങ്ങളും ആലോചിച്ചാണ് ഞാൻ വീട്ടിലേക്ക് ചെന്നത്.പക്ഷെ പടിപ്പുരയിൽ അമ്മ ഉണ്ടായിരുന്നില്ല.ഞാൻ അകത്തേക്ക് കയറി. അമ്മ അടുക്കളയിൽ നിൽപ്പുണ്ടായിരുന്നു. ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു.
അമ്മ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. തെരുവിൽ അലയുന്ന ഭ്രാന്തിയെപ്പോലെ അമ്മയിലെ ഭാവമാറ്റങ്ങൾ എന്നെ അമ്പരപ്പെടുതി. അമ്മ പതിയെ എന്റെ അടുത്തേക്ക് വന്നു. " ചേച്ചിയെ അച്ഛൻ കൊണ്ടു പോയി. അവൾക്ക് അച്ഛനെ മതിയെന്നു പറഞ്ഞു.. നമുക്കിനി ആരുമില്ല... നിനക്ക് അച്ഛനെ വേണോ അതോ അമ്മയെ വേണോ? സത്യത്തിൽ എനിക്കൊന്നും മനസിലായില്ലഅമ്മ ഒരാവർത്തി കൂടി അത് ചോദിച്ചു..ഭ്രാന്തമായി അലറിക്കൊണ്ട്.എന്റെ നാവ് ഉയരുന്നില്ല.. സഹനത്തിന്റെ അവസാനം ഇങ്ങനെയാണോ? .അമ്മ അതാ എന്തോ എടുക്കുന്നു. എന്നെ ചേർത്ത് നിർത്തി തലയിലൂടെ അമ്മ അത് ഒഴിച്ചു.മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു.അമ്മ ഒരു ഭ്രാന്തി ആയി മാറുകയാണോ?. ഞാൻ കുതറി മാറാൻ ശ്രമിച്ചു.അമ്മ എന്നെ ചേർത്ത് നിർത്തി." എന്തേ...നിനക്ക് ഇപ്പോൾ തണുക്കുന്നില്ലെ...."
  കൂടാരം ഇപ്പോഴും ഞങ്ങളെ മൂടുന്നുണ്ടോ? പതിവ് പോലെ നിശ്വാസത്തിന്റെ ചൂട് പടരുന്നുണ്ടോ?...ഉണ്ട്...പക്ഷെ ചൂടിനു കാഠിന്യം കൂടി വരുന്നു.എനിയ്ക്ക് പൊള്ളി തുടങ്ങുന്നു.അമ്മ എന്നെ ചേർത്ത് പിടിച്ചു. " ഇനി നിനക്ക് തണുക്കില്ല... ചൂട്...." അമ്മ വാക്കുകൾ പൂർത്തിയാക്കിയില്ല.അപ്പോഴേക്കും തീ ഞങ്ങളെ മൂടിയിരുന്നു.
" അമ്മേ....എനിയ്ക്ക് തണുക്കുന്നു..." ഐസുകട്ടകൾക്കിടയിൽ ഞാൻ മരവിക്കുകയാണ്.ഞാൻ എങ്ങനെ മോർച്ചറിയിൽ എത്തി. കത്തിയമരാൻ തുടങ്ങിയ ഞങ്ങളെ ആരൊക്കെയോ വന്നു രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.പകുതി കത്തിയ ഞാൻ ആശുപത്രിയിലെക്കും അവിടുന്ന് മോർച്ചറിയിലേക്കും... ഒരു പക്ഷെ എന്റെ അമ്മയും ഇവിടെ ഉണ്ടാകാം..അല്ലെങ്കിൽ കത്തിയമർന്നു ചാരമായിട്ടുണ്ടാകാം....
" അമ്മേ.....കേൾക്കുന്നുണ്ടോ......എവിടെ എന്റെ അമ്മ......എവിടെ എന്റെ കൂടാരം....എനിയ്ക്ക് തണുക്കുന്നു........" 




Saturday, 24 May 2014

മെമ്മറീസ്

ചിതലരിച്ചു തുടങ്ങിയ പഴയ ഡയറി കുറിപ്പുകൾ അയാൾ മറിച്ചു നോക്കുകയായിരുന്നു.. പല പല പേരുകൾ....ചിലത് ഓർമയുണ്ട്... പക്ഷെ മുഖം മറന്നിരിക്കുന്നു. ചില പേരുകൾ ഏതാണെന്ന് കൂടി അറിയില്ല. പ്രായമേറിയ കണ്ണുകളും അതിലുപരി പൊടി പിടിച്ച ഓർമകളും മയിൽ പീലി തുണ്ട് പോലെ സൂക്ഷിച്ചു വച്ചിരുന്ന ആ ഡയറി കുറിപ്പുകളിൽ വീണ്ടും പരതി... ഇല്ല...പലരെയും അറിയില്ല… ഓർമ്മകൾ അയാളെ മുപ്പത് വർഷം പിറകിലേക്ക് കൊണ്ടുപോയി. ജീവിതത്തിൽ എല്ലാമാണെന്ന് കരുതിയിരുന്ന കൂട്ടുകാർ, സ്കൂളിലെ അവസാന ദിവസം ഞാൻ കൊടുത്ത ഈ ആട്ടോഗ്രഫിൽ വരച്ച നാൾ.....തോളോട് തോൾ ചേർന്ന് നടന്നവർ... ഒരു പാത്രത്തിൽ വീണ പല കൈകൾ....ക്ലാസ്സുകൾക്കു പകരം തണൽ നൽകിയിരുന്ന വാക മരങ്ങൾ.. എല്ലാം ഈ ആട്ടോഗ്രഫിൽ ചിതലരിച്ചു തുടങ്ങിയിരിക്കുന്നു... മണമുള്ള മഷിപ്പേന കൊണ്ട് അവളും അന്ന് ഇതിലെവിടെയോ എഴുതിയിരുന്നു...അതിലെ അക്ഷരങ്ങളിൽ അയാൾ ആ സുഗന്ധം പരതി...പക്ഷെ അതും മരിച്ചു... ചില ഓർമ്മകൾക്കും ഉണ്ടാകും മരണം....

മഞ്ചാടിക്കുരു നിറഞ്ഞ ഇടവഴികളിൽ അന്ന് കൂട്ടുകാരോടൊപ്പം നടന്നു നീങ്ങുമ്പോൾ മുൻപിൽ അവളും ഉണ്ടായിരുന്നു... പിറകോട്ടു നോക്കി അവൾ ഒന്ന് നിഷ്കളങ്കമായി ചിരിക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ഒരു സന്തോഷം.. എന്റെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷം...... ഞാൻ ജീവിച്ചിരുന്നത് ഒരു പക്ഷെ ആ കാലഘട്ടത്തിലായിരുന്നു... വാക മരങ്ങളും കാറ്റാടി മരങ്ങളും അന്ന് പ്രിയപ്പെട്ടതായിരുന്നു. ഇന്ന് വിലയേറിയ കാറിൽ, നിമിഷങ്ങൾ എണ്ണി സഞ്ചരിക്കുമ്പോൾ റോഡരുകിൽ പൂത്തു നില്ക്കുന്ന മരങ്ങൾ കാണുമ്പോൾ ഒന്നും തോന്നാറില്ല..പക്ഷെ ഒരുകാലത്ത് ഞാൻ അവയെ സ്നേഹിച്ചിരുന്നു..തല്ലു കൂടിയും കളിയാക്കിയും ആ വാകമാരച്ചുവടുകളിൽ ഞങ്ങൾ കൂട് കൂട്ടിയിരുന്നു. പക്ഷെ ആ മുഖങ്ങൾ മറന്നിരിക്കുന്നു…. ചില ഓർമകൾക്കും ഉണ്ടാകും മരണം...

ചോറ്റുപാത്രങ്ങളിൽ, കൈയ്യിൽ നിന്ന് വീഴുന്ന എച്ചിലിനു പോലും പിടിവലി നടക്കുമായിരുന്നു. സ്കൂൾ വരാന്തയിൽ ഒരു ചോറ്റു പത്രം തുറക്കുവാൻ വേണ്ടി സ്കൂൾ ബെല്ലിനു വേണ്ടി അക്ഷമയോടെ കാത്തിരുന്ന എന്റെ കൂട്ടുകാർ. ഇന്ന്, ബിസിനസ് ലഞ്ചുകളിൽ, കൈവിരലുകളിൽ ഭക്ഷണം സ്പർശിക്കാതെ കഴിക്കുന്നതാണ് മാന്യത എന്ന് ഞാൻ പഠിച്ചിരിക്കുന്നു. എന്റെ കൂട്ടുകാരും ഇപ്പൊ അങ്ങനെയാകും...ഒരു പക്ഷെ അവരെ ആരെയെങ്കിലും ഞാനും ഇങ്ങനെയൊരു ലഞ്ചിൽ കണ്ടുമുട്ടിയിട്ടുണ്ടാകും.. പക്ഷെ ആ മുഖങ്ങൾ മറന്നിരിക്കുന്നു... ചില ഓർമകൾക്കും ഉണ്ടാകും മരണം...

അന്ന് എനിക്ക് എല്ലാം പ്രിയപ്പെട്ടതായിരുന്നു.... പക്ഷെ ഇന്ന് എല്ലാം മാറി... ജീവിതം അങ്ങനെയാണ്...കൈയിലേക്ക് വച്ച് നീട്ടി തരുന്നത് പലതും ഓർമ്മകൾ ആകി മാറ്റും..ഒരു കാലത്ത് പ്രിയപ്പെട്ടതായിരുന്ന ചിലരുടെ മുഖങ്ങൾ പോലും... ആ ഓർമകളിൽ ചിലത് വർഷങ്ങൾക്കിപ്പുറം മരിച്ചു പോകും.പക്ഷെ മരിയ്ക്കാത്ത ചില ഓർമ്മകൾ ഉണ്ട്. അവ എന്നും കൂടെ ഉണ്ടാകും.........

മുഖം ഓർമ്മയില്ലാത്ത എന്റെ പ്രണയിനി, തിരിച്ചറിയാൻ കഴിയാത്ത വിധം മാറിപോയ എന്റെ കൂട്ടുകാർ.... പക്ഷെ അവർ തന്ന ഓർമ്മകളിൽ ചിലത് വീണ്ടും അവശേഷിക്കുന്നു...അയാളുടെ ചിന്തകൾ വീണ്ടും ആട്ടോഗ്രാഫിലേക്ക് തിരിഞ്ഞു. അതിലൊരു പേജിൽ തന്റെ ഏതോ ഒരു പ്രിയപ്പെട്ട കൂട്ടുകാരൻ ആ സത്യം എഴുതിയിരിക്കുന്നു... എവിടെ നിന്നോ കടമെടുത്ത ആ വാക്കുകൾ......

FRIENDS MIGHT LOSE TOUCH, BUT NEVER LOSE FEELINGS……”

Tuesday, 8 October 2013

ക്യാൻസർ വാർഡ്...

മുത്തശ്ശിയുടെ അസുഖം കൂടിയതിനാൽ അന്ന് വീണ്ടും ആശുപത്രിയിലെത്തേണ്ടി വന്നു.വിശദമായ പരിശോധനകൾക്ക് ശേഷമാണ് രണ്ടു ദിവസം അവിടെ കിടക്കാൻ ഡോക്ടർ നിർദേശിച്ചത്.അങ്ങനെ മുത്തശ്ശിയെ പേ വാർഡിൽ അഡ്മിറ്റ് ചെയ്തു.ആശുപത്രിയിലെ വിരസമായ നിമിഷങ്ങൾ തള്ളി നീക്കാൻ വേണ്ടി പുറത്തേക്കു ഇറങ്ങിയപ്പോഴാണ് എതിർ മുറിയുടെ വാതിലിൽ ഒരു കൊച്ചുപെണ്‍കുട്ടി നിൽക്കുന്നത് കണ്ടത്. ഏകദേശം അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു നിഷ്കളങ്ക രൂപം.ഞാൻ അവളെ അരികിലേക്ക് വിളിച്ചു. ആദ്യം ഒന്ന് സംശയിച്ചു നിന്നെങ്കിലും പിന്നീടവൾ എൻറെ മുറിയിലേക്ക് വന്നു. മുത്തശ്ശിയ്ക്കായി വാങ്ങി വച്ചിരുന്ന ഓറഞ്ച്കളിൽ ഒരെണ്ണം അമ്മ അവൾക്കു നീട്ടി. അത് വാങ്ങിച്ചുവെങ്കിലും അവൾ അത് കഴിച്ചില്ല. അമ്മ അവളോട് ഏറെ നേരം സംസാരിച്ചിരുന്നു. ഇടയ്ക്കിടെ അവൾ ചിരിക്കുമ്പോൾ ചെമ്പകപൂവിൻറെ നിറമുള്ള കവിളുകളും മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകളും തിളങ്ങിനിന്നു. ആരുടെ കൂടെയാണ് വന്നതെന്ന് ചോദിച്ചപ്പോൾ അമ്മയുടെ കൂടെയാണെന്നും അമ്മ അടുത്ത മുറിയിൽ ഉണ്ടെന്നും അവൾ പറഞ്ഞു. 'അച്ഛൻ കൂടെയില്ലേ?' എന്ന് ചോദിച്ചപ്പോൾ അവൾ വെറുതെ ഓറഞ്ച്ന്റെ തോലിൽ നഖമമർതി കുനിഞ്ഞിരുന്നു.

പോകുമ്പോൾ അവൾ എന്നെയും അവളുടെ മുറിയിലേക്ക് കൊണ്ടുപോയി.അവിടുത്തെ കാഴ്ച അത്യന്തം ദയനീയമായിരുന്നു. ആശുപത്രിക്കിടക്കയിൽ മരുന്നുകൾക്കും സിറിഞ്ചുകൾക്കും നടുവിൽ എല്ലുംതോലുമായ ഒരു രൂപം. ഒറ്റനോട്ടത്തിൽ തന്നെ അവളുടെ അമ്മയാണ് അതെന്നു എനിക്ക് മനസ്സിലായി. അവളുടെ അമ്മ ഉറങ്ങുകയാണ്.ആ രൂപം കണ്ടപ്പോൾ എന്നിലുണ്ടായ ഭാവവ്യത്യാസം അവൾ ശ്രദ്ധിച്ചില്ല. ഒരു പക്ഷെ ഇത്തരം അനുഭവങ്ങൾ അവളിൽ ഒരു പക്വത ഉണ്ടാക്കിയിരിക്കണം. അല്ലെങ്കിൽ തന്റെ അമ്മയുടെ അവസ്ഥയുടെ ഭീകരത അവൾക്ക് അറിയില്ലായിരിക്കാം.

അവൾ മെല്ലെ അവളുടെ അമ്മയുടെ അരികിലേയ്ക്കിരുന്നു.അമ്മയുടെ കവിളിൽ മെല്ലെ തട്ടി. അമ്മ പതിയെ കണ്ണ് തുറന്നു. യാതൊരു ഭാവവ്യത്യാസവും കൂടാതെ അവൾ എന്നെ അമ്മയ്ക്ക് മുന്നിൽ പരിചയപ്പെടുത്തി.വിളറിയ മുഖത്തോടെ അവളുടെ അമ്മ എന്നെ നോക്കി ചിരിച്ചു. തുടർന്ന് അവൾ തന്റെ കയ്യിലിരുന്ന ഓറഞ്ച് പൊളിച്ച് ഓരോ അല്ലി വീതം അമ്മയുടെ ചുണ്ടിലേക്ക് വെച്ച് കൊടുത്തു. അത് കഴിക്കുമ്പോൾ അമ്മയുടെ കവിളിലേക്കു കണ്ണുനീർ ഒഴുകിയിരുന്നു. ഹൃദയഭേദകമായ ആ രംഗം കണ്ടുനിൽക്കാനാകാതെ ഞാൻ പുറത്തിറങ്ങി. അഞ്ചു വയസുള്ള ആ കുട്ടിയുടെ പക്വതയും ആത്മാർഥതയും സത്യത്തിൽ എന്നെ അമ്പരപ്പിച്ചു.

അവളെ കുറിച്ച് കൂടുതൽ അറിയുവാൻ ഞാൻ മുത്തശ്ശിയെ പരിശോധിക്കാൻ എത്തിയ നേഴ്സ്നെ സമീപിച്ചു. അവർ പറഞ്ഞ കഥ ഹൃദയഭേദകമായിരുന്നു. അവളുടെ അമ്മയ്ക്ക് കാൻസർ ആണ്. ഇനി അധികകാലം അവർക്ക് ആയുസില്ല.

ആ കൊച്ചുപെണ്‍കുട്ടിക്ക് വേറെ ബന്ധുക്കൾ ആരും തന്നെ ഇല്ല. അവളുടെ അമ്മയ്ക്ക് അസുഖം ബാധിച്ചു തുടങ്ങിയപ്പോൾ തന്നെ അവളുടെ അച്ഛൻ അവരെ ഉപേക്ഷിച്ചു . ഒടുവിൽ നാട്ടിലെ സന്നദ്ധ സംഘടനകൾ അവരെ ഇവിടെ എത്തിച്ചു . ദിനംപ്രതിയുള്ള ചികിത്സാ ചെലവ് കൂടി വന്നപ്പോൾ അവരും ഇവരെ ഉപേക്ഷിച്ചു.

ഇപ്പോൾ ആശുപത്രിയിലെ നേഴ്സ്മാരുടെയും ഡോക്ടർമാരുടെയും കാരുണ്യത്തിലാണു അവർ കഴിയുന്നത് . സഹായത്തിനു വേറെ ആരും ഇല്ലാത്തതിനാൽ നേഴ്സ്മാർ തന്നെ അവർക്ക് വീടുകളിൽ നിന്നും ഭക്ഷണം എത്തിച്ചു കൊണ്ടിരുന്നു. അവർക്കതൊരു ബുദ്ധിമുട്ടായിരുന്നില്ല . കാരണം അധികം വൈകാതെ തന്നെ ആ സ്ത്രീ മണ്ണടിയുമെന്ന് അവർക്കറിയാമായിരുന്നു . പിന്നീടു ആ കൊച്ചുപെണ്‍കുട്ടിയുടെ അവസ്ഥ ......!!!!!!!!!

പിന്നീടു അവളെ കാണുമ്പോഴെല്ലാം ഇത് തന്നെ ആയിരുന്നു എന്റെ മനസ്സിൽ . എന്നാൽ 5 വയസേ ഉള്ളുവെങ്കിലും അമ്പതു വയസുകാരിയുടെ പക്വതയോടെ അവൾ തന്റെ അമ്മയെ ശുശ്രുഷിച്ചുകൊണ്ടിരുന്നു . അന്ന് രാവിലെ മുത്തശ്ശിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു .ബിൽ അടച്ച ശേഷം മുറിയിൽ നിന്നും സാധനങ്ങളും ആയി ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ആ പെണ്‍കുട്ടിയുടെ കാര്യം ഓർത്തത് . അവളെ ഒന്ന് കാണാനായി ഞാൻ ആ മുറിയിലേക്ക് ചെന്നു. അവൾ നിലത്തിരുന്നു കളിക്കുകയാണ്. അവളുടെ അമ്മയെ ആ മുറിയിലെങ്ങും കണ്ടില്ല . എന്നെ കണ്ടപ്പോൾ അവൾ ചിരിച്ചു . അമ്മയെവിടെ എന്ന് ചോദിച്ചപ്പോൾ അമ്മയെ നേഴ്സ്ആൻറി ചികിത്സിക്കാനായി കൊണ്ടുപോയതാണ് എന്നവൾ പറഞ്ഞു. ഇന്നലെ രാത്രിയിൽ കൊണ്ട് പോയതാണ് . അമ്മയെ ചികിത്സിച്ചു തീരാത്തതിനാൽ ഇന്നലെ രാത്രി നേഴ്സ്മാരുടെ സ്റ്റാഫ് റൂമിലാണ് ഉറങ്ങിയതെന്നും അവൾ പറഞ്ഞു. അമ്മ എപ്പോൾ വരുമെന്ന് ചോദിച്ചപ്പോൾ ചികിത്സ കഴിഞ്ഞു സുഖമായിട്ടു വരുമെന്ന് നേഴ്സ് ആൻറി പറഞ്ഞതായി അവൾ പറഞ്ഞു. അവളുടേത് പോലെ തന്നെ എന്റെ മനസിലും പ്രതീക്ഷകൾ നാമ്പിട്ടു . ഒരു പക്ഷെ അവളുടെ അമ്മയുടെ അസുഖം കുറഞ്ഞിരിക്കാം. എങ്കിലും അവരെ കാണാതെ പോകുന്നത് മര്യാദയല്ലല്ലോ ? എന്റെ ആവശ്യം പുഞ്ചിരിയോടെ പരിഗണിച്ചുകൊണ്ട് അവൾ അവളുടെ അമ്മയെ കാട്ടിത്തരനായി എന്നെ കൊണ്ടു പോയി .

ആശുപത്രിയുടെ ഒരു ഒഴിഞ്ഞ കോണിലെത്തിയപ്പോൾ അവൾ മുൻപിലേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു 'അതാ അവിടെയാണ് അമ്മയെ ചികിത്സയ്ക്കു കൊണ്ട് പോയത്.... അസുഖം മാറിയിട്ടെ കൊണ്ട് വരൂ... ' ഞാൻ അവിടേക്ക് നോക്കി. ആ മുറിയുടെ മുന്നിലെ ബോർഡ് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. 'മോർച്ചറി...' അതിനുള്ളിലെ ഐസ് കട്ടകൾക്കിടയിൽ അവളുടെ അമ്മ മരിച്ചു മരവിച്ച് കിടക്കുകയാണ്. ഇതൊന്നും അറിയാതെ അമ്മ അസുഖം മാറി വരുന്നത് കാണാൻ അവൾ കാത്തിരിക്കുകയാണ്.എന്റെ നനഞ്ഞ കണ്ണുകൾ അവൾ കാണാതെ ഞാൻ തുടച്ചു.ഒരു ജ്യെഷ്ട്ടനോടുള്ള അധികാരത്തോടെ നിഷ്കളങ്കമായ സ്വരത്തിൽ അവൾ തുടർന്നു 'ഇവിടെ കയറ്റിയപ്പോൾ അമ്മ കണ്ണടച്ചു ഉറങ്ങുകയായിരുന്നു. ഞാൻ വിളിച്ചപ്പോൾ അമ്മ ഉണർന്നില്ല. ഉറങ്ങുമ്പോഴാണ് അസുഖങ്ങൾ ഭേദമാകുന്നതെന്ന് അമ്മ ഇന്നാളിൽ പറഞ്ഞാരുന്നു. ചിലപ്പോൾ ഇപ്പോൾ ഭേദമായി കാണും അല്ലെ ചേട്ടാ......' അവളുടെ നിഷ്കളങ്കമായ ആ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ലായിരുന്നു. മോർച്ചറി' എന്ന വാക്കിൻറെ അർഥം അവൾക്കറിയാമായിരുന്നു എങ്കിൽ ഒരു പക്ഷെ ഈ രംഗം ഹൃദയഭേധകമാകുമായിരുന്നു എന്നു ഞാൻ ഓർത്തു. കണ്ണും കാതുമില്ലാത്ത ദൈവങ്ങൾക്കു മുന്നിൽ അമ്മ വരുന്നതും കാത്ത് ആ പിഞ്ചുഹൃദയം ഇരിക്കുന്നു. അമ്മയെ വിളിച്ച ദൈവത്തിന്റെ കൈകൾക്കു ശക്തി ഉണ്ടെങ്കിൽ ഇവളെയും വിളിക്കട്ടെ എന്നു ഒരു നിമിഷം ഞാൻ പ്രാർത്ഥിച്ചു......

.

Friday, 4 October 2013

അമ്മ

മദ്യപിച്ചു വരുന്ന അച്ഛൻ ദിവസേന അമ്മയെ തല്ലുന്നത് പേടിയോടെയാണ് അവൾ നോക്കി നിന്നിരുന്നത്.. ഒരു ദിവസം അതിനിടയിൽപ്പെട്ട അവളെയും അച്ഛൻ തല്ലി ..അന്ന് അതിനു തടസ്സം നിന്ന അമ്മയോട് മദ്യത്തിന്റെ ലഹരിയിൽ അച്ഛൻ ചോദിച്ചു –“മക്കളെ പാലൂട്ടി വളർത്തിയ അമ്മമാർക്ക് മാത്രമേ അവരെ സ്നേഹിക്കാൻ കഴിയു…അങ്ങനെയൊരു ബന്ധം നീയും ഇവളും തമ്മിൽ ഇല്ലല്ലോ….?.
<\p>“ ഭൂമി പിളരുന്നതായി അവൾക്കു തോന്നി.മദ്യത്തിന്റെ ലഹരിയിൽ ആണെങ്കിലും ആ പറഞ്ഞത് തന്റെ അച്ഛനാണ്…ഒരുപാട് ചോദ്യങ്ങൾ അവളുടെ ആ കുഞ്ഞു മനസിലേക്ക് വന്നു…
പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകി വളർത്തി പ്രാപ്തരാക്കുന്നത് ഒരു അമ്മയുടെ സൗഭാഗ്യമാണ് എന്ന് പണ്ട് ക്ലാസ്സിൽ ടീച്ചർ പറഞ്ഞത് അവളോർത്തു.
അപ്പോൾ ഞാൻ അമ്മയുടെ മകൾ അല്ലെന്നാണോ അച്ഛന്റെ ആ വാക്കുകളുടെ അർഥം?? ആ രാത്രി അവൾ ഉറങ്ങിയില്ല…നേരം വെളുക്കും വരെ ചിന്തിച്ചു കിടന്നു..ഒടുവിൽ ഉറക്കത്തിലായിരുന്ന അമ്മയെ തട്ടി വിളിച്ചു ..”അമ്മേ …..അമ്മയുടെ മുലപ്പാൽ കുടിച്ചല്ലേ ഞാൻ വളർന്നത് ….” അമ്മ ഒന്നും മിണ്ടിയില്ല….വീണ്ടും ചോദിച്ചപ്പോൾ അമ്മ ദേഷ്യപ്പെട്ടു ….
പിന്നീട് പല ദിവസങ്ങളിലും അച്ഛൻ ഈ ഡയലോഗ് ഒരു പതിവാക്കി…അവളുടെ മനസിലും ആ ചിന്ത ഉറച്ചു നിന്നു…താൻ അമ്മയുടെ മകളല്ല….ഒരു പക്ഷെ തന്നെ ഏതെങ്കിലും തെരുവിൽ നിന്നോ അനാഥാലയത്തിൽ നിന്നോ എടുത്തു വളർതിയതാകം …അമ്മ തന്നെ പ്രസവിചതാണെങ്കിൽ മാത്രമല്ലേ മുലപ്പാൽ തന്നു വളർത്താൻ കഴിയു ……….
അച്ഛൻ മരിച്ചതോടെ ആ വീട്ടിൽ അമ്മയും മകളും തനിച്ചായി …ദിവസം കഴിയും തോറും അവൾ അമ്മയോട് അകലം കാണിക്കുവാൻ തുടങ്ങി .. പതുക്കെ അത് വെറുപ്പായി മാറി …അമ്മയോട് മിണ്ടാൻ കൂടി തനിക്കു താൽപര്യമില്ലാതായി …അല്ലെങ്കിലും മറ്റൊരു സ്ത്രീയോട് താനെന്തിനാണ് അടുപ്പം കാണിക്കുന്നത് ….
ആ അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത് ….അവർ പലതവണ അവളോട് അടുക്കുവാൻ ശ്രമിച്ചു…പക്ഷെ അച്ഛന്റെ ചോദ്യം അവളും ആവർത്തിച്ചപ്പോൾ അവർക്ക് ഉത്തരമില്ലായിരുന്നു … കരയാൻ കൂടി കഴിയാതെ അവർ ആ വീട്ടിൽ ദിവസങ്ങൾ തള്ളി നീക്കി…കൂട്ടുകാരികളുടെ മുന്നിൽ അവളുടെ അമ്മയാണ് എന്നു പറഞ്ഞതിൻറെ പേരിൽ അവൾ രണ്ടുദിവസം ഭക്ഷണം കഴിക്കാതെയിരുന്നു ….ഒടുവിൽ അവൾക്കായി വച്ച്നീട്ടിയ ആഹരമടങ്ങിയ പ്ലേറ്റ് അവൾ തന്റെ മുഖത്തേക്ക് എറിഞ്ഞപ്പൊഴും അവൾ ആ ചോദ്യം ആവർത്തിച്ചു –“എന്നെ പ്രസവിക്കാത്ത നിങ്ങൾ എങ്ങനാണ് എനിക്ക് മുലപ്പാൽ തന്നു വളർത്തുന്നത് …” അവരുടെ ഹൃദയം നുറുങ്ങി…ഒഴുകിയിറങ്ങിയ കണ്ണുനീര് പോലും തന്റെ മകൾക്ക് സന്തോഷമേകുന്നു എന്നത് എങ്ങനെയാണ് അവർ സഹിക്കുക??
സങ്കടം സഹിക്കാനാകാതെ ഹൃദയം നിലയ്ക്കുന്നതിനെ “Heart Attack” എന്ന പേരും നൽകി ഡോക്ടർമാർ അവരെ ഒരു വെളുത്ത പുതപ്പിലാക്കി ഉമ്മറത്ത് കൊണ്ട് വച്ചു…അപ്പോഴും ആ മകളുടെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല …ഏതോ ഒരു സ്ത്രീയുടെ മരണം …അവൾ മുഖം തിരിച്ചു നിന്നു….
ശവത്തെ കുളിപ്പിക്കുവാനയെടുത്തപ്പോൾ വസ്ത്രം വേറെ നല്കണമെന്ന് ഏതോ ഒരു മനുഷ്യൻ പറയുന്നത് കേട്ട് കൊണ്ടാണ് അവൾ അമ്മയുടെ മുറിയിലേക്ക് ചെന്നത് …അലമാര തുറന്നപ്പോൾ അതിൽ ഒരുപാട് കടലാസുകൾ ഇരിയ്ക്കുന്നു ….അത് താഴേക്ക് വലിച്ചെറിഞ്ഞ് അവൾ ഏതോ ഒരു തുണിയുമായി ആ സ്ത്രീയുടെ (*അമ്മയുടെ ) ശവത്തിനരികിലേക്ക് ചെന്ന് ….ഒരു തവണ അവൾ അവരെ നോക്കി ..അവൾ ഞെട്ടി വിറച്ചു പോയി …
തന്റെ അമ്മയ്ക്ക് രണ്ടു മാറിടങ്ങളും ഇല്ല ….പെട്ടെന്നുണ്ടായ ഞെട്ടലിൽ നിന്നും അവൾ ഉണർന്നു ….വീണ്ടും സൂക്ഷിച്ചു നോക്കി ….ഇല്ലാ …..തന്റെ അമ്മയ്ക്ക് രണ്ടു മാറിടങ്ങളും ഇല്ല ….അവൾക്കു തല കറങ്ങുന്നത് പോലെ തോന്നി ….തിരികെ അവൾ അമ്മയുടെ മുറിയിലേക്കോടി …..ചിതറിക്കിടന്നിരുന്ന പഴകിയ പേപ്പർ കഷ്ണങ്ങൾ അവൾ പെറുക്കിയെടുത്തു …അതിലെവിടെയോ, ആശുപത്രിയുടെയും ഡോക്ടറിന്റെയും പേരിനു താഴെ “She is suffering from breast cancer…So it is very urgent to remove her two breasts immediately…” എന്ന ഡോക്ടറുടെ നിർദ്ദേശം …..ഒരു നിമിഷം അവളുടെ മനസ് തകർന്നു …..ഒരു പക്ഷെ അമ്മയെ വെറുക്കുകയും ഒറ്റപെടുത്തുകയും ചെയ്ത സമയത്ത് ആ മാറിൽ തല ചായ്ച് ഒന്നുറങ്ങിയിരുന്നെങ്കിൽ തന്റെ അമ്മ പാലൂട്ടി വളർത്താത്തതിന്റെ കാരണം തനിക്കു മനസിലാകുമായിരുന്നു. പാലൂട്ടി വളർത്താത്ത അമ്മമാർക്ക് സ്നേഹിക്കാനും കഴിയില്ലെന്ന് തന്നെ വിശ്വസിപ്പിച്ച അച്ഛനെ അവൾ വെറുക്കാൻ തുടങ്ങുകയായിരുന്നു