Thursday, 8 March 2018

ഏഴു സുന്ദര രാത്രികൾ

“ഓൾക്കിപ്പോ നീലക്കുറിഞ്ഞി പൂക്കുന്നത് കാണണം എന്ന് ...ഞാനെന്തൂട്ടാ ചെയ്ക ശാരദേ....". അടുക്കള തിണ്ണയിൽ പറഞ്ഞു തീർക്കുന്ന സങ്കടങ്ങളിൽ അന്ന് അതൊരു പുതിയ വിഷയമായിരുന്നു. " ഇപ്പൊ ന്തൂട്ടാ മീനക്ഷ്യേ ഒരു നീലക്കുറിഞ്ഞി ആഗ്രഹം. ഓൾക്ക് പ്രാന്തായോ..."
ജനലരികിൽ കിടന്നു പുറത്തേക്ക് നോക്കുമ്പോൾ , അവരുടെ സംസാരം അവളിൽ ചിരി പടർത്തി. കുറിഞ്ഞിപ്പൂ കാണണം നു പറേണത് ഇത്ര വല്യ തെറ്റാണോ ?? എന്തോരം തവണ അച്ഛൻ പറഞ്ഞതാണ് കുറിഞ്ഞിപ്പൂ കൊണ്ടോയി കാണിക്കാംന്നു..കഴിഞ്ഞ വർഷം ആയിരുന്നു അവസാനം അത് പൂത്തത്. അച്ഛൻ കൊണ്ടോവാം എന്ന് പറഞ്ഞതിന്റെ തലേ ദിവസമാണ് തൊടിയിലെ ചെളി വെള്ളത്തിൽ വീണു കൈ ഒടിഞ്ഞത് . അമ്മുക്കുട്ടീം ഉണ്ണി കുട്ടനും ഒക്കെ എന്തോരം കളിയാക്കി ചിരിച്ചു അന്ന്. ന്റെ കുറിഞ്ഞി ആഗ്രഹം അതോടെ അസ്തമിച്ചു. ഇനി 12  വർഷം കാത്തിരിക്കണമത്രേ..
ഇന്നലെ വൈകുന്നേരം സ്‌കൂളിന്റെ പിറകിലുള്ള പാടവരമ്പിലെ മാവിൻ ചോട്ടിൽ മാങ്ങ പെറുക്കുവാൻ പോയിരുന്നു. തിരികെ വരുന്ന വഴി ആണ് വയറു വേദന അനുഭവപ്പെട്ടത്. പച്ചമാങ്ങയും തിന്നു കുറെ പച്ച വെള്ളവും കുടിച്ചു കഴിഞ്ഞ ആഴ്ച വയറിനു അസുഖം പിടി പെട്ടപ്പോൾ അമ്മയുടെ തല്ലു വാങ്ങിയത് ഇപ്പോഴും ഓർക്കുമ്പോൾ പേടി ആണ്. അമ്മേടെ കയ്യിൽ നിന്ന് തല്ലു വാങ്ങണത് പേടിച് ഉണ്ണികുട്ടനേം ബാലുവിനെയും എല്ലാം കൂട്ടിയാണ് വീട്ടിലേക്ക് ചെന്നത്. ഒരു ധൈര്യത്തിന്. മാങ്ങയോടൊപ്പം പച്ചവെള്ളം കുടിച്ചില്ലെന്നു പറയണമെന്ന് അവന്മാരെ ആവർത്തിച്ചു പറഞ്ഞു പഠിപ്പിച്ചു. കള്ളം പറഞ്ഞു ഫലിപ്പിക്കാൻ എന്നും കൂടെ നില്കണത് അവന്മാരാണ്.
ഇന്നലെ വൈകുന്നേരം സ്‌കൂളിന്റെ പിറകിലുള്ള പാടവരമ്പിലെ മാവിൻ ചോട്ടിൽ മാങ്ങ പെറുക്കുവാൻ പോയിരുന്നു. തിരികെ വരുന്ന വഴി ആണ് വയറു വേദന അനുഭവപ്പെട്ടത്. പച്ചമാങ്ങയും തിന്നു കുറെ പച്ച വെള്ളവും കുടിച്ചു കഴിഞ്ഞ ആഴ്ച വയറിനു അസുഖം പിടി പെട്ടപ്പോൾ അമ്മയുടെ തല്ലു വാങ്ങിയത് ഇപ്പോഴും ഓർക്കുമ്പോൾ പേടി ആണ്. അമ്മേടെ കയ്യിൽ നിന്ന് തല്ലു വാങ്ങണത് പേടിച് ഉണ്ണികുട്ടനേം ബാലുവിനെയും എല്ലാം കൂട്ടിയാണ് വീട്ടിലേക്ക് ചെന്നത്. ഒരു ധൈര്യത്തിന്. മാങ്ങയോടൊപ്പം പച്ചവെള്ളം കുടിച്ചില്ലെന്നു പറയണമെന്ന് അവന്മാരെ ആവർത്തിച്ചു പറഞ്ഞു പഠിപ്പിച്ചു. കള്ളം പറഞ്ഞു ഫലിപ്പിക്കാൻ എന്നും കൂടെ നില്കണത് അവന്മാരാണ്.
ഉമ്മറത്തേക്ക് ഓടി കയറിയപ്പോഴേക്കും അമ്മയ്ക്ക് കാര്യം മനസിലായി. പച്ചവെള്ളം പോയിട്ട് പച്ചമാങ്ങ പോലും കഴിക്കില്ലെന്ന് ദേവന്മാരും സപ്പോർട്ട് ചെയ്തു. അമ്മയോടൊപ്പം അകത്തേക്ക് കയറിയ എന്നെ അമ്മയും മുത്തശ്ശിയും അടിമുടി നോക്കുന്നതും , 'അമ്മ ഫോൺ എടുത്ത് അച്ഛനെ വിളിക്കുന്നതും ഒക്കെ എനിക്ക് അത്ഭുതമായി തോന്നി
എന്തൊക്കെയോ മാറുന്നത് പോലെ.. ഉണ്ണികുട്ടനും ബാലുവും പുറത്തേക്ക് നടക്കുമ്പോൾ ,അവർ ജീവിതത്തിൽ നിന്ന് കൂടി പതിയെ അകലുകയാണെന്നു ഞാൻ മനസിലാക്കിയത 'അമ്മ ശാരദേടത്തിയോട് അത് പറയുമ്പോൾ ആയിരുന്നു - " ന്റെ കുട്ടി ഋതുമതി ആയിരിക്കണു ശാരദേ.. എന്ത് പെട്ടെന്നാ ഓള് വളർന്നത്.."
"വളർന്നൂന്നോ...? ഞാനോ ? അമ്മയ്ക്ക് വട്ടായോ???????

" മീനക്ഷ്യേ... കുട്ട്യോട് ഇനി ചെക്കന്മാരോടൊപ്പം കളിയ്ക്കാൻ കൂടണ്ടന്ന് പറഞ്ഞേക്കു.. ഉണ്ണീടേം ബാലൂന്റേം കൂടാ എപ്പോളും ..ആൾക്കാർ എന്തൊക്കെയാ പറയുക.. ".. മുത്തശ്ശി കഥ പൂർത്തിയാക്കി.  ഇന്നലെ രാവിലെ കൂടി അവരോടൊപ്പം കളിയ്ക്കാൻ എന്നെ പറഞ്ഞു വിട്ടതാണ്. ഇപ്പൊ ഇത് ന്തുട്ടാ പറ്റീത് ...? ആകാശം കാണാതെ ഇനി ഏഴു ദിവസം കഴിയണത്രെ.. മഴ പെയ്യുമ്പോ ആകാശത്തേക്ക് നോക്കാതെ ...വെയിലേറ്റ് പറമ്പിലൂടെ ഓടാതെ ന്തുട്ട് വെക്കേഷൻ ആണ് ..ഋതുമതി ആകാൻ കണ്ട സമയം... ന്റെ ഏഴു ദിവസത്തെ അവധിക്കാലം...
ജീവിതം മാറിത്തുടങ്ങിയിരിക്കുന്നു. എല്ലാത്തിനും പുതിയ പുതിയ അർഥങ്ങൾ.. സ്പർശനങ്ങൾക്കും നോട്ടങ്ങൾക്കും ...പ്രിയപ്പെട്ടവരുടെ ഉമ്മകൾക്ക് പോലും...ലോകം വലുതായിരിക്കുന്നു. ഞാൻ ചെറുതും.. ഇന്നലെ വരെ ഞാൻ ആഹ്ളാദിച്ചു നടന്നിരുന്ന തൊടിയിൽ ഇന്ന് ഞാൻ ഓർമ ആണ് . ജാലകത്തിൽ നിന്ന് കൊണ്ട് നോക്കുമ്പോൾ കുട്ടികൾ കളിച്ചു നടക്കുന്ന ഒരു ബാല്യകാല മേച്ചിൽപ്പുറം. മഴ നനഞ്ഞു ഓടി വീട്ടിലേക്ക് കയറിയാൽ , തോർത്ത് മുണ്ടിനു പകരം തലയിൽ വീഴണത് ശകാരങ്ങളായിരിക്കും...നീലക്കുറിഞ്ഞി മോഹം ഇടയ്ക്കിടെ ഓർമിപ്പിക്കുന്നുണ്ടെങ്കിലും , അച്ഛൻ പോലും എന്നിൽ നിന്ന് തെന്നി മാറുന്നു...സ്ത്രീ എന്നാൽ ഒറ്റപെട്ടവൾ എന്നാണോ??
കുറിഞ്ഞി മല എന്നും എന്റെ സ്വപ്നമായിരുന്നു. ഇരുപത്തി മൂന്നാം വയസിൽ ജീവിതത്തിൽ എല്ലാമായി കടന്നു വന്ന അയാളോടും എന്റെ സ്വപ്‌നങ്ങൾ എണ്ണി പറഞ്ഞു. രണ്ടു വർഷം കൂടി കഴിയുമ്പോൾ പൂവണിയുന്ന കുറിഞ്ഞി മലയിൽ ഞാൻ എത്രയോ തവണ എന്റെ സങ്കല്പ രഥത്തിൽ സഞ്ചരിച്ചു.
ഞാൻ ഭാര്യയും അമ്മയും ആയി. ഇഷ്ടങ്ങൾ ചോദിച്ചറിഞ്ഞു നടത്തി തന്നിരുന്ന വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളിൽ കുറിഞ്ഞികൾ പൂക്കാത്തത് എന്റെ നിർഭാഗ്യം ആകും. പതിയെ പതിയെ അടുക്കളയിലെ കരി കളിൽ ചിത്രങ്ങൾ വരച്ച അവ മനോഹരം എന്ന് ആശ്വസിക്കുവാൻ ഞാൻ പഠിച്ചു. എന്റെ ആഗ്രഹങ്ങൾ , ഭർത്താവ് ഉച്ചയ്ക്ക് തുറക്കുന്ന ചോറ്റു പാത്രത്തിലെ കൊതിയൂറുന്ന മണം ആകണമെന്ന് ഞാൻ പഠിച്ചു. പിച്ച വച്ചു നടക്കുന്ന കുഞ്ഞിന് ഉരുളകൾ നൽകുമ്പോൾ അവളുടെ വയറിനോടൊപ്പം നിറയുന്നതാവണം ആഗ്രഹങ്ങൾ എന്ന് ഞാൻ പഠിച്ചു. തിരക്ക് കഴിഞ്ഞു വരുന്ന ഭർത്താവിന്റെ ഉള്ളിലെ കനലെരിയാനുള്ള മഴയാകാനും ഞാൻ പഠിച്ചു.
അടുക്കളയിലെ കരിയിൽ ഞാൻ വരച്ച ചിത്രങ്ങളിൽ കുറിഞ്ഞികൾ പൂത്തില്ല. കുറിഞ്ഞി മലയും തെളിഞ്ഞില്ല. കഴുകുമ്പോൾ ഒഴുകിയിറങ്ങി അകലേക്ക് പോകുന്ന, കറിച്ചട്ടിയിലെ മെഴുക്കു പോലെ ന്റെ കുറിഞ്ഞിയും എന്നിൽ നിന്നും ഒഴുകി പോയി. അച്ഛനും പ്രിയപ്പെട്ടവനും അടുക്കളപ്പുറങ്ങളിലെ സന്തോഷങ്ങളിൽ ഞാൻ ആഗ്രഹങ്ങൾ കുഴിച്ചു മൂടിയതോർത്തു പരിഭവിച്ചില്ല. ആഗ്രഹിച്ച പോലൊരു ജീവിതം മകൾക്കു കിട്ടിയതിനു 'അമ്മ ദേവിയ്ക്ക് നിലവിളക്കും നൽകി..ആഗ്രഹിച്ചത് പോലെ തന്നെ കിട്ടിയല്ലോ??? ആരുടെ ആഗ്രഹം എന്ന് 'അമ്മ പറഞ്ഞില്ല.. ദൈവം ചോദിച്ചതുമില്ല..
പുറത്തു മഴ തുടങ്ങിയിരിക്കുന്നു.. എന്റെ മകൾ കടലാസ്സ് തോണി ഇറക്കി കളിയ്ക്കുകയാണ്. മഴയുടെ ശബ്ദം ഭീകരമായി കാതിലേക്ക് വന്നു.അവൾ പേടി കൂടാതെ ഇരിയ്ക്കുകയാണ്..നനഞ്ഞോളു.. നിന്റെ ആഗ്രഹം തീരുവോളം നീ നനഞ്ഞോളു.. അല്ലെങ്കിൽ അകലെയല്ലാതൊരു ദിവസം നിനക്കും വന്നു ചേരും...നീ ഇന്ന് നനയാതെ വിട്ട മഴകളും, കഴിക്കാതെ പോയ ചാമ്പങ്ങകളും , ഒഴുക്കാതെ പോയ കടലാസ്സ് തോണികളും , നൽകാതെ പോയ ഉമ്മകളും, കയറാതെ പോയ മരങ്ങളും, കാണാതെ പോയ നിലാവുകളും , ചൂടാതെ പോയ പുഷ്പങ്ങളും അന്ന് നിന്നെ നോക്കി പല്ലിളിക്കും. അവ നിന്നെ നോക്കി കൊഞ്ഞനം കുത്തും...നീ അറിയാതെ നിന്നെ മാറ്റുന്ന ആ ഏഴു സുന്ദര രാത്രികളിൽ അവ നിന്നെ പരിഹസിക്കും..

No comments:

Post a Comment