Thursday 18 February 2016

അവൻ കള്ളനാണ്..!!


" പണം എന്റെതാണ്‌...എന്റെ മകളുടെ കാതിലെ  കമ്മൽ  വിറ്റ് ഞാൻ വാങ്ങിയത്..." ഇത് മൂന്നാം തവണയാണ് യാത്രയിൽ അയാള് ഇത് എന്നോട് പറയുന്നത്. ബസിലെ അടുത്തടുത്ത സീറ്റിലെ നിമിഷങ്ങളൊഴിചാൽ അയാൾ എന്റെ ജീവിതത്തിൽ ഒരു അപരിചിതനാണ്. ആലപ്പുഴ ബസ്സ്റ്റാൻഡിൽ നിന്നും ആണ് അയാൾ കയറിയത്.നന്നേ മുഷിഞ്ഞ വേഷം.വളരെയേറെ തിരക്കായിരുന്നെങ്കിലും ഏതോ ഒരു സ്റ്റോപ്പിൽ എത്തിയപ്പോൾ അയാൾ എന്റെ അടുത്ത് ഇരുന്നു.മുടി നരച്ചു തുടങ്ങിയ മനുഷ്യൻ വളരെയധികം ക്ഷീണിതനായിരുന്നു. തന്റെ കൈയ്യിൽ  ഇരുന്ന പണപ്പൊതി  അയാൾ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. എന്നിട്ട് എന്നെ നോക്കി പറയും.. " പണം എന്റെതാണ്‌..."
                              പെട്ടെന്ന് ബസിൽ നിന്നും ഒരു കരച്ചിൽ കേട്ടു.ആരുടെയോ പേഴ്സ് നഷ്ടപ്പെട്ടിരിക്കുന്നു.ബസിൽ ആകെ ബഹളം.പെട്ടെന്നാണ് ഒരു കൈ വന്ന് മനുഷ്യന്റെ കവിളിൽ ശക്തിയായി അടിച്ചത്.."ഇവൻ കള്ളനാണ് ..മോഷണ കേസിൽ പെട്ട് ജയിലിൽ നിന്നും ഇറങ്ങിയതെ ഉള്ളു..ഇവൻ തന്നെയാകും എടുത്തത്..". അടിചയാളുടെ ആരോപണങ്ങളിൽ മനുഷ്യന്റെ കരച്ചിൽ പോലും മുങ്ങിപ്പോയി. അയാൾക്ക് എന്തെങ്കിലും പറയാനാകും മുൻപ് തന്നെ, കണ്ടവനും കേട്ടവനും അങ്ങനെ എല്ലാർക്കും ഉള്ള ഒരു ചെണ്ട ആയി അയാൾ മാറിയിരുന്നു. ഒടുവിൽ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്നു തുടങ്ങിയപ്പോഴാണ് അവർ നിർത്തിയത്. അപ്പോഴും പണപ്പൊതി അയാൾ ചേർത്ത് പിടിച്ചിരുന്നു.
  പൊതിയിൽ ഉണ്ടായിരുന്ന പണം, മറ്റേ യാത്രക്കാരന് നഷ്ടപ്പെട്ട തുകയ്ക്കും തുല്യമായിരുന്നു എന്ന വിചിത്രമായ ന്യായം വീണ്ടും അയാളെ  തല്ലു കൊള്ളിച്ചു.ഒടുവിൽ കള്ളനെ(മനുഷ്യനെ) പോലീസിൽ ഏൽപ്പിക്കാം എന്ന തീരുമാനത്തിൽ അവർ എത്തി ചേർന്നു. എല്ലാവരുടെയും കൈ കരുത്ത് തെളിയിച്ചപ്പോൾ, വണ്ടി പോലീസ് സ്റ്റേഷനിലെക്ക് നീങ്ങി തുടങ്ങി.
     അയാളുടെ ദേഹം മുഴുവനും രക്തത്തിൽ കുതിർന്നിരുന്നു.സത്യമേതാ മിഥ്യ ഏതാ എന്ന് തിരിച്ചറിയാനാവാത്ത വിധം എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ കടന്നു വന്നു. അയാൾ എന്തിനാണ് പണം എന്റേതാണ് എന്ന് കുറെ തവണ പറഞ്ഞത്? നഷ്ടപ്പെട്ട പണവും അയാളുടെ കൈയ്യിലുള്ളതും തുല്യമായിരുന്നു എന്നത് ആകസ്മികം ആയിരുന്നോ? പുറം കാഴ്ചകളിൽ മിഴികൾ പായുമ്പോഴും മനസ് എവിടേക്കോ ഊളിയിടുന്നു.
             പെട്ടെന്നാണ് രക്തം പുരണ്ട കൈകൾ എന്റെ കൈകളിൽ സ്പർശിച്ചത്. "മോനെ.. പണം എന്റേതാണ്..ഞാൻ അതുമായാണ് ബസിൽ കയറിയത്...മോനെങ്കിലും സത്യം പറയണം....". എനിക്ക് ദേഷ്യമാണ് വന്നത്.പൈസയുമായി കൈയ്യോടെ പിടിച്ച അയാൾക്കായി ഇനി ഞാൻ സാക്ഷി പറയണം പോലും. അയാളുടെ കൈ തട്ടിമാറ്റി ഞാൻ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു.
    അയാൾ വീണ്ടും എന്റെ കൈകളിൽ ബലമായി പിടിച്ചു. "ദയവായി എന്നെ വിശ്വസിക്കണം..ഞാൻ മോഷ്ടിച്ചിട്ടുണ്ട് ..ഒരിക്കൽ...ജോലി നഷ്ടപ്പെട്ട അവസ്ഥയിൽ എന്റെ മകളുടെ വയറു നിറയ്ക്കുവാൻ..ഒരു പിടി ആഹാരം പോലും തരാൻ മനസില്ലാത്ത നിങ്ങളൊക്കെ തന്നെയാണ് എന്നെ കള്ളൻ ആക്കിയത്..അന്ന് പിടിക്കപ്പെട്ട ഞാൻ ഇന്നും എല്ലാവർക്കും ഒരു പെരുങ്കള്ളനാണ്. എന്റെ മകൾ സത്യം പിന്നെ ഞാൻ മോഷ്ടിച്ചിട്ടില്ല.പക്ഷെ ഇന്ന് നാട്ടിൽ നടക്കുന്ന എല്ലാ മോഷണങ്ങളും എത്തി നില്ക്കുന്നത് എന്നിലാണ്. എന്റെ സമ്പാദ്യം പോലും അവർ തൊണ്ടി മുതലായി പിടിച്ചെടുക്കുന്നു. ഇതെന്റെ അവസാന സമ്പാദ്യം ആണ്. എന്നെ രക്ഷിക്കണം.ഇവിടെയും എന്നെ കള്ളനാക്കരുത് നിങ്ങൾ..അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. "എന്നെ രക്ഷിക്കണം...എന്റെ കൈയ്യിലെ പണപ്പൊതി നിങ്ങൾ കണ്ടതാണ്..എന്നെ വീണ്ടും കള്ളനാക്കരുത്.." ഒരു കൊച്ചു കുട്ടിയെ പോലെ അയാൾ വാവിട്ടു കരഞ്ഞു..
       വണ്ടി പോലിസ് സ്റ്റേഷനിൽ എത്തി. അയാൾ കള്ളനായി അവരോധിക്കപ്പെട്ടു..പക്ഷെ അയാളിൽ പ്രതീക്ഷ ഉണ്ടായിരുന്നു..സത്യം തെളിയിക്കാനായി അയാൾ എന്നെ ഹാജരാക്കി. എന്റെ നാവിൻ തുമ്പിൽ ഒരു മനുഷ്യന്റെ ഹൃദയം കേഴുന്നത് ഞാൻ അറിഞ്ഞു.പക്ഷെ ഞാനും ജീവിക്കുന്നത് സമൂഹത്തിലാണ്.ഞാൻ മാറിയാൽ ചിലപ്പോൾ ഞാൻ ഇവിടെ ഒറ്റപ്പെട്ടു പോകും. "എനിക്കിയാളെ അറിയില്ല സാർ. ഇയാൾ പറയുന്നത് നുണയാണ്." ഇത്രയും പറഞ്ഞു ഞാൻ തിരികെ നടന്നു.പിന്നിൽ പോലീസ് ബൂട്ടിന് കീഴിൽ ഒരു ജീവൻ ചതഞ്ഞരയുന്നത് ഞാനറിഞ്ഞു.
       പക്ഷെ ഞാൻ നിസ്സഹായനാണ്..ഒരിക്കൽ കള്ളനായ മനുഷ്യൻ എനിക്കും നിങ്ങൾക്കും മുന്നിൽ മരണം വരെ കള്ളനാണ്. അവന്റെ പക്ഷം ഞാൻ പറഞ്ഞാൽ ചിലപ്പോള സമൂഹം എന്നെയും കൂട്ട് പ്രതി ആക്കും...അയാൾക്കായി കോടതിയും കേസ് ഉം ... അങ്ങനെ പലവിധ തല വേദനകൾ.. ടി കമ്പനിയിലെ എന്റെ ജോലി പോലും കേസിൽ പെട്ട് തുലാസിൽ ആടുന്നത് ഞാൻ ചിന്തിച്ചു. വേണ്ട...അവൻ കള്ളനാണ്..ഞാൻ വിശുദ്ധന്മാരുടെ സമൂഹത്തിലെ ഒരു പാവം. അവന്റെ അലർച്ച എന്റെ കാതുകളിൽ മുഴങ്ങി. അവൻ കരയട്ടെ....കള്ളനാണ് അവൻ...
     അങ്ങ് ദൂരെ, അവൻ വാങ്ങി വരുന്ന അരി, വേവിച് ഒരു നേരം ഭക്ഷണം കഴിക്കാൻ അവന്റെ മക്കൾ വച്ചിരിക്കുന്ന കലത്തിലെ വെള്ളത്തിൽ എന്റെ മനസ് വെന്ത് തുടങ്ങിയിരുന്നു...

No comments:

Post a Comment