Wednesday, 12 August 2015

അത്രയും സ്നേഹിച്ചിരുന്നു....

  ഓർമകളിൽ തെളിയാത്ത ഏതോ ഒരു ദിവസമാണ് ഞാൻ അവളോട് പറഞ്ഞത്,എപ്പോഴോ നിന്നെ ഞാൻ ഇഷ്ടപ്പെട്ടു പോയി എന്ന് .അവൾ മറുപടി ആയി ഒന്നും പറഞ്ഞില്ല. വെറുതെ ചിരിച്ചു.അവളുടെ മറുപടി എപ്പോഴും ചിരിയിലായിരുന്നു. ഒരിക്കലെങ്കിലും അവൾ ഇഷ്ടമാണെന്ന് പറയുമെന്ന് ഞാൻ വെറുതെ ആശിച്ചിരുന്നു.പക്ഷെ അവൾ എപ്പോഴും ചിരി മാത്രം എനിക്ക് സമ്മാനമായി തന്നു.

രാവിലെ എഴുന്നേറ്റ് കവലയിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് അവളുടെ ചിരി  മനസിലേക്ക് വന്നത്.അതിനു കാരണവും ഉണ്ട്. പുറത്തേക്ക് പോകാൻ ഇറങ്ങ്യപോഴാണ് അമ്പലത്തിൽ നിന്നും തിരികെ എത്തിയ അമ്മ എന്റെ നെറ്റിയിൽ ചന്ദനക്കുറി ഇട്ടു തന്നത്.ചന്ദനക്കുറി തൊടുന്നത് അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അമ്പല മുറ്റത്തെ ആലിന്റെ ചുവട്ടിൽഎന്നും ഞങ്ങൾ പോകുമായിരുന്നു.അരയാലിന്റെ കൊമ്പിലിരിക്കുന്ന അമ്പലപ്രാവുകൾ കുറുകുന്ന സംഗീതത്തിൽ അവളെന്നെ തൊടുകുറി അണിയിച്ചിരുന്നു.ഇന്ന് ഓർകുമ്പോൾ ഒരു പൈങ്കിളി പ്രണയമായി തോന്നുമെങ്കിലും അവളുടെ വിരൽ എന്റെ നെറ്റിയിൽ ചന്ദനം ചാർത്തി തരുന്നത് അവളുടെ അവകാശമായി അവൾ കരുതിയിരുന്നു.പറയാതെ പ്രണയം എന്നിലേക്ക് മഴയായി പെയ്തിറങ്ങി.

ഇടവപ്പാതി പെയ്തൊഴിയാതെ മുറ്റം നിറച്ചു കൊണ്ടിരുന്നപോഴാണ് എന്റെ ഒരു സുഹൃത്ത് എന്നെ വിളിച് പറഞ്ഞത്  "വിഷ്ണു...അവള്ടെ കല്യാണം തീരുമാനമായി എന്ന് ആരോ പറഞ്ഞെടാ".....ആകാശത്ത് മിന്നിയ കൊള്ളിയാൻ ഒരു നിമിഷം എന്റെ പ്രാണനിലൂടെ ആഴ്ന്നിറങ്ങി.

കോരിച്ചൊരിയുന്ന മഴ ഞാൻ കണ്ടില്ല.അമ്മയുടെ പിൻവിളിയും ഞാൻ കേട്ടില്ല.. കാലുകളേക്കാൾ വേഗതയായിരുന്നു എന്റെ മനസിന്‌..പതിവ് പോലെ അമ്പല മുറ്റത്തെ ആൽത്തറയിൽ ഞാൻ എത്തിയിരിക്കുന്നു. അവൾ വരും....എനിയ്ക്ക് ഉറപ്പാണ്‌..ആലിലയിൽ നിന്നും മഴത്തുള്ളികൾ ഇറ്റിറ്റ് വീണു കൊണ്ടിരുന്നു.ഇളം കാറ്റിൽ മുല്ലപ്പൂവിന്റെ മണം വന്നപ്പോൾ ഞാൻ കണ്ണ് തുറന്നു.ഉള്ളം കൈയ്യിൽ ചന്ദനവുമായി അവൾ ചിരിച്ചു.ദേഷ്യവും നിരാശയും കലർന്ന എന്റെ പല ചോദ്യങ്ങൾക്കും അവൾ ചിരിക്കുക മാത്രമേ ചെയ്തുള്ളൂ..ഒരു അവസാന വാക്കിനായി ഞാൻ അവളുടെ ചിരിയെ പോലും വെറുത്തു.

"വിഷ്ണു....നിന്റെ ജീവിതം നിന്റെ കൈപ്പിടിയിലെക്കെത്തുമ്പോൾ എന്റെ ജീവിതം വിവാഹവും കഴിഞ്ഞ് മാതൃത്വവും ആയിരിക്കും.. നീ ഇഴനെയ്തെടുക്കുന്ന ജീവിതത്തിൽ അമ്മയ്ക്കും അനുജത്തിക്കും ഒരു പ്രതീക്ഷ ഉണ്ട്.അത് നീ നിറവേറ്റി എനിയ്ക്കായി വരുമ്പോഴെക്ക് എന്നെ നിർത്താൻ അവർ തയ്യാറാകില്ല..

വഞ്ചകി... അവൾ പറഞ്ഞതൊന്നും സത്യത്തിൽ എനിയ്ക്ക് മനസിലായില്ല. പക്ഷെ ഒന്ന് മാത്രം മനസിലായി...ഭംഗിയായി അവൾ എന്നെ വഞ്ചിച്ചു..ആലിൻ കൊമ്പിലിരിക്കുന്ന പ്രാവുകൾ അപ്പോഴും കുറുകി.എന്നെ കളിയാക്കുവാൻ.ഭൂമി പിളർന്നിരിക്കുന്നു.അവൾ എന്നെ പാതാളതിലെക്ക് ചവിട്ടി താഴ്ത്തി.തീഗോളങ്ങൾ പെയ്യുന്നു.എന്റെ ശരീരം ചുട്ടു പൊള്ളുന്നു.രക്തം മരവിക്കുന്നു..ഞാൻ മരിയ്ക്കുകയാണ്.ഭൂമിയിൽ പെണ്ണിന്റെ വഞ്ചനയുടെ ഒടുവിലത്തെ ഇര.

വർഷങ്ങൾ കൊഴിഞ്ഞ് വീണു. അന്ന് അവൾ പറഞ്ഞ വാക്കുകളുടെ അർഥം എനിയ്ക്കിന്ന് മനസിലായി.ഡിഗ്രി കഴിഞ്ഞ് ജോലി ഇല്ലാതെ അലഞ്ഞത് 2 വർഷം. ജോലി നേടി ജീവിതം കൈപ്പിടിയിലൊതുക്കാൻ വീണ്ടും 2 വർഷം. അനുജത്തിയേം കല്യാണം കഴിപ്പിച് കുടുംബ ഭാരം ചുമലിലേറ്റി ഞാൻ തിരഞ്ഞപ്പോൾ, അവൾക്ക് ചുമലിലേറ്റി നടക്കാൻ കിട്ടിയത് ഒരു കുസൃതി കുരുന്നിനെയാണ്.സമപ്രായക്കാരനായ എന്നെ അവൾ ഇഷ്ടമാണെന്ന് പറയഞ്ഞതിന്റെ കാരണവും എനിയ്ക്കിന്ന് മനസിലായി. അവൾ എനിയ്ക്ക് നല്കിയ വലിയൊരു പാഠം. പക്ഷെ എന്റെ മനസ്സിൽ വളർന്ന ഇഷ്ടത്തെ അവള്ക്ക് തടയാമായിരുന്നു.

പതിവ് പോലെ അമ്പല മുറ്റത് ഇരുന്നപ്പോൾ അപ്രതീക്ഷിതമായി അവൾ, ഭർത്താവുമായി അവിടെ വന്നിറങ്ങി. എന്റെ മനസ്സിൽ തീക്കനൽ കോരി ഇട്ടതു പോലൊരു തോന്നൽ. എന്നെങ്കിലും ഒരു കൂടിക്കാഴ്ച ഉണ്ടാകും എന്നറിയാമായിരുന്നു..പക്ഷെ.....

അവൾ എന്നെ കണ്ടു.ഒരു നിമിഷം..അവൾ എന്റെ അരികിലേക്ക് വന്നു..അവൾ ആകെ മാറിയിരിക്കുന്നു..ഒരു നാല് വയസുകാരന്റെ അമ്മ..അവൾ എന്നെ നോക്കി ചിരിച്ചു...ഭാഗ്യം..ചിരി മാത്രം മാറിയിട്ടില്ല..എന്റെ മനസിലെ തീക്കനലിലെക്ക് ഒരു ഇടവപ്പാതി.." ഞാൻ ചതിച്ചു എന്ന് ഇഉപൊഴും നിനക്ക് തോന്നുന്നുണ്ടോ? " ഞാൻ ഒന്നും മിണ്ടിയില്ല..അവൾ വീണ്ടും ചിരിച്ചു..പിന്നെ പിറകിലേക്ക് നടന്നു.."വിഷ്ണു....." അവൾ വിളിച്ചു..ഞാൻ തല ഉയർത്തി നോക്കി . പക്ഷെ എനിയ്ക്ക് പകരം കേട്ടത് എന്റെ പേരുള്ള അവളുടെ മകനായിരുന്നു..അടുത്തേക്ക് വന്ന മകനെ അവൾ കൈയ്യിൽ എടുത്തു..വിഷ്ണു വിന്റെ നെറ്റിയിൽ അവൾ സ്നേഹത്തോടെ ഒരുമ്മ കൊടുത്തു.. എന്റെ നെറ്റിയിൽ അണിഞ്ഞിരുന്ന ചന്ദനക്കുറിയിൽ ഒരു തണുപ്പ് പടരുന്നത് ഞാനറിഞ്ഞു...

 

 

 

1 comment:

  1. കൊള്ളാം നന്നായിരിക്കുന്നു . ഇനിയും എഴുതുക ..

    ReplyDelete